തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമായിരിക്കെ വാക്‌സിനായി ഇന്നും തിരക്ക്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ വിതരണകേന്ദ്രത്തിലാണ് തിക്കും തിരക്കും. സ്‌പോട്ട് രജിസ്‌ട്രേഷൻ നിർത്തിയത് അറിയാതെ നിരവധി പേരാണ് ആശുപത്രി പരിസരത്ത് തടിച്ചുകൂടിയത്. നിലവിൽ ഒരു ലക്ഷം ഡോസ് വാക്‌സിൻ മാത്രമാണ് സംസ്ഥാനത്ത് അവശേഷിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ കുത്തിവയ്‌പ് പൂർണമായും മുടങ്ങിയിരിക്കുകയാണ്.
തിരുവനന്തപുരത്ത് ഇപ്പോൾ ആകെയുളളത് 6000 ഡോസ് വാക്‌സിൻ മാത്രമാണ്. ജില്ലയിൽ പത്തിൽ താഴെ ആശുപത്രികളിൽ മാത്രമാണ് ഇന്ന് കുത്തിവയ്പ്പ് ഉണ്ടാവുക. മിക്ക ജില്ലകളിലും മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ നിർത്തിവയ്‌ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ മേഖലയിൽ സ്റ്റോക്കുളള വാക്‌സിൻ ആദ്യമെത്തുന്നവർക്ക് നൽകും.