ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം പിടിച്ചുനിറുത്താനുള്ള വാക്സിനേഷൻ പുരോഗമിക്കുകയാണ്. നിലവിൽ നാൽപ്പത്തഞ്ച് വയസുകഴിഞ്ഞവർക്കാണ് വാക്സിൻ നൽകുന്നത്. അടുത്തമാസം ഒന്നുമുതൽ 18 തികഞ്ഞ എല്ലാവർക്കും വാക്സിൻ നൽകാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസർക്കാർ. ഈ മഹത്തായ യജ്ഞത്തോടെ കൊവിഡിനെ രാജ്യത്തുനിന്ന് പുറത്താക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസം കേന്ദ്രസർക്കാരിനും ആരോഗ്യ പ്രവർത്തകർക്കുമുണ്ട്.
കൊവിഡ് വാക്സിന്റെ രണ്ടുഡോസും എടുത്തവരാണ് സുരക്ഷിതർ. എന്നാൽ രണ്ട് ഡോസും സ്വീകരിച്ചവർക്കും കൊവിഡ് ബാധിക്കുന്നു എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇതുകണ്ട് വാക്സിനെടുത്തിട്ടും വലിയ കാര്യമില്ലെന്ന തരത്തിലുള്ള പ്രചാരണവും പലരും നടത്തുന്നുണ്ട്. എന്നാൽ ഇത്തരം പ്രചാരണത്തിൽ ഒരു സത്യവുമില്ലെന്നതാണ് വാസ്തവം. അധികൃതർ അടുത്തിടെ പുറത്തുവിട്ട കണക്കുകളാണ് ഇതിന് ഉദാഹരണം. കൊവാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചത് 17,37,178 പേരാണ്. ഇതിൽ വെറും 0.04 ശതമാനത്തിന് മാത്രമാണ് രോഗം ബാധിച്ചത്. കൊവിഷീൽഡിന്റെ രണ്ടാം ഡോസ് സ്വീകരിച്ചത് 1,57,32,754 പേരാണ്. ഇതിൽ 0.03 ശതമാനം പേർ മാത്രമാണ് കൊവിഡ് പോസിറ്റീവായതെന്നാണ് ഐ സി എം ആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗ പറയുന്നത്.
'ഇതുവരെ 100 ദശലക്ഷം പേരാണ് കൊവിഷീൽഡിന്റെ ആദ്യ ഡോസ് എടുത്തത്. ഇതിൽ 17,145 പേർക്ക് മാത്രമാണ് രോഗം ബാധിച്ചത്. കൊവാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത് 9.3 ദശലക്ഷം പേരാണ്. ഇതിൽ പോസിറ്റീവായത് വെറും 4,208 പേർമാത്രമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഒട്ടും ആശങ്കാജനകമല്ല'-ഐ സി എം ആർ ഡയറക്ടർ ജനറൽപറഞ്ഞു.
കേന്ദ്ര സർക്കാരിന് കീഴിലുള്ള ആരോഗ്യഗവേഷണ സ്ഥാപനമായ ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചുമായി ( ഐ സി എംആർ)സഹകരിച്ച് ഭാരത് ബയോടെക് നിർമ്മിച്ച കൊവാക്സിനും ഓക്സ്ഫോർഡ് സർവകലാശാലയും അസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ചെടുത്ത കൊവിഷീൽഡുമാണ് ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. ജനിതക വ്യതിയാനം സംഭവിച്ച വൈറസിനെ പ്രതിരോധിക്കാൻ കൊവാക്‌സിന് സാധിക്കുമെന്ന് ഐസിഎംആർ നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു. ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസ് ഉൾപ്പടെ കൊവിഡിന്റെ എല്ലാ വകഭേദങ്ങളെയും ചെറുക്കാൻ കൊവാക്‌സിന് സാധിക്കുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്.