uk

ലണ്ടന്‍: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യയെ ബ്രിട്ടന്‍ റെഡ് ലിസ്റ്റില്‍ പെടുത്തി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ മാസം 24 മുതല്‍ 30 വരെയാണ് ഇന്ത്യയില്‍ നിന്ന് യു.കെയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ 24 ന് മുമ്പ് യാത്രക്കാരുടെ സൗകര്യത്തിന് വേണ്ടി ഇന്ത്യയില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസുകള്‍ നടത്താന്‍ വിമാനകമ്പനികള്‍ അനുമതി തേടിയിരുന്നു. എന്നാല്‍ ഇതിന് ബ്രിട്ടനിലെ ഹീത്രോ വിമാനത്താവളം അനുമതി നിഷേധിച്ചിരിക്കുകയാണ്. ഇതോടെ യു.കെ പൗരന്മാര്‍ക്ക് പോലും നാട്ടില്‍ എത്താന്‍ കഴിയാത്ത അവസ്ഥയിലായി.

കൊവിഡ് വകഭേദത്തിന്റെ നൂറിലധികം കേസുകള്‍ ഇന്ത്യയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബ്രിട്ടന്റെ നീക്കമെന്ന് ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്ക് വ്യക്തമാക്കി. റെഡ് ലിസ്റ്റില്‍ ഇന്ത്യ ഉള്‍പ്പെട്ട സാഹചര്യത്തില്‍ യു.കെ പൗരന്മാരോ ഐറിഷ് പൗരന്മാരോ അല്ലാത്തവര്‍ കഴിഞ്ഞ 10 ദിവസം ഇന്ത്യയിലുണ്ടായിരുന്നുവെങ്കില്‍ അവരെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വിമാന കമ്പനികളുടെ ആവശ്യം എയര്‍പോര്‍ട്ട് അധികൃതര്‍ തള്ളിയത്. യാത്രക്കാര്‍ കൂടുതലായി വിമാനത്താവളത്തില്‍ എന്തുമ്പോഴുള്ള സുരക്ഷാ ഭീഷണികൂടി പരിഗണിച്ചാണ് തീരുമാനമെന്നും അവര്‍ അറിയിച്ചു.

ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതോടെ ബ്രിട്ടനില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളടക്കം ആശങ്കയിലാണ്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഒമാന്‍, ഫിലിപ്പൈന്‍സ്, ഖത്തര്‍, ദക്ഷിണാഫ്രിക്ക, യുഎഇ, സിംബാവേ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യക്ക് പുറമെ റെഡ് ലിസ്റ്റില്‍ ഇപ്പോഴുള്ളത്.