oxigen

നാസിക്: ഇന്നലെ രാജ്യത്തെ നടുക്കിയ ദുരന്തമാണ് നാസിക്കിലെ സക്കീര്‍ഹുസൈന്‍ ആശുപത്രിയിലുണ്ടായത്. ഓക്‌സിജന്‍ ടാങ്കര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ഇവിടെ 24 പേരാണ് മരിച്ചത്. എന്നാല്‍ അതിലും ദുഃഖകരമായ സംഭവങ്ങളാണ് അതിന് ശേഷം ആശുപത്രിയില്‍ നടന്നത്. സ്വന്തക്കാരുടെ ജീവന്‍ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു അവിടെയുണ്ടായിരുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍.

മരിച്ച രോഗികളുടെ മൃതദേഹത്തില്‍ നിന്നും മാറ്റുന്ന ഓക്‌സിജന്‍ സിലിണ്ടറിനായി കൂട്ടത്തല്ലു തന്നെ അവിടെ നടന്നു. ഒരു രോഗിയുടെ മുഖത്ത് നിന്നും ഓക്‌സിജന്‍ സിലിണ്ടര്‍ മാറ്റുമ്പോള്‍ അതില്‍ അവകാശവാദം ഉന്നയിച്ച് നിരവധി പേര്‍ എത്തും. ഇതിനിടെ വക്കേറ്റവും കൈയേറ്റവും നടന്നു. തന്റെ അമ്മൂമ്മ മരിച്ച് നിമിഷനേരത്തിനകം തന്നെ ഓക്‌സിജന്‍ സിലിണ്ടര്‍ തട്ടിപ്പറിച്ച് പോയ സംഭവം വിവരിക്കുകയാണ് 23 വയസുക്കാരനായ വിക്കി യാദവ് എന്ന ചെറുപ്പക്കാരന്‍. എന്നാല്‍ അതില്‍ അയാള്‍ക്ക് പരിഭവമില്ല. സ്വന്തം കണ്ണിന് മുന്നില്‍ ബന്ധുക്കള്‍ മരണവുമായി പോരാടുമ്പോള്‍ എത്ര നേരം നോക്കി നില്‍ക്കാന്‍ സാധിക്കും. അവര്‍ സ്വന്തക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കും. അതിനായി ഞാനും ശ്രമിച്ചു. എന്നാല്‍ ഫലമുണ്ടായില്ലെന്ന് വിക്കി പറഞ്ഞു.

വലിയ ടാങ്കറിന് ചോര്‍ച്ച സംഭവിച്ചതോടെ ഗുരുതര അവസ്ഥയിലായിരുന്ന രോഗികള്‍ ഓക്‌സിജന്‍ ഇല്ലാതെ അതിജീവിക്കില്ലെന്ന കാര്യം ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഉറപ്പായിരുന്നു. ഈ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ അവര്‍ കുഴങ്ങി. ഇതോടെ അത്യാഹിത വിഭാഗത്തില്‍ പുറത്ത് നിന്ന രോഗികളുടെ ബന്ധുകള്‍ പരിഭ്രാന്തരായി വാര്‍ഡിലേക്ക് ഇടിച്ചു കയറി ഓക്‌സിജന്‍ സിലിണ്ടറിനായി പിടിവലി തുടങ്ങി. ഐസിയുവില്‍ ഉണ്ടായിരുന്ന 80 രോഗികളില്‍ ഭൂരിഭാഗത്തെയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നല്‍കിയാണ് അധികൃതര്‍ മരണസംഖ്യ കുറച്ചത്.