ന്യൂഡൽഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. വേണ്ടത്ര ഓക്‌സിജൻ ലഭിക്കാതെയും, മതിയായ ചികിത്സ കിട്ടാതെയും എന്തിന് ആശുപത്രി തന്നെ ലഭിക്കാതെയും രോഗം വിഷമം സൃഷ്‌ടിക്കുന്ന ഈ സമയത്ത് ഒരു ജൂനിയർ ഡോക്‌ടറുടെ കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന സമൂഹമാദ്ധ്യമ അക്കൗണ്ടിലാണ് കൊവിഡ് രോഗ ചികിത്സയെ പറ്റി ഡോ. സാന്ദ്രാ സെബാസ്‌റ്റ്യൻ എന്ന ഒന്നാം വർഷ റസിഡന്റ് ഡോക്‌ടറുടെ അഭിമുഖം വന്നത്.
ഈ വർഷം റസിഡന്റ് ഡോക്‌ടറായി ആശുപത്രിയിൽ എത്തിയതാണ് സാന്ദ്രാ. മാർച്ച് 30നാണ് ആദ്യ കൊവിഡ് മരണം ഡോക്‌ടർ കണ്ടത്.
തന്റെ 40കളിലുളള അയാൾ രോഗത്തെ വളരെവേഗം മറികടക്കുമെന്നാണ് സാന്ദ്രാ കരുതിയത്. 'എന്നാൽ അതീവ ഗുരുതരാവസ്ഥയിൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചതിന്റെ പിറ്റേന്ന് അയാൾ മരിച്ചു.' ഡോക്‌ടർ പറയുന്നു. ആ രോഗി മരണമടഞ്ഞതുകണ്ട് താൻ വളരെ വിഷമിച്ചെന്നും എന്നാൽ '2020ൽ ഇതിലും മോശമായിരുന്നു സ്ഥിതി'യെന്ന് മുതിർന്ന സഹപ്രവർത്തകർ ആശ്വസിപ്പിച്ചു.
പക്ഷെ 2020നെ ഏറെദൂരം പിന്നിലാക്കിയാണ് ഈ വർഷത്തെ കൊവിഡ് രോഗികളുടെ വരവെന്ന് പറയുകയാണ് ഡോക്‌ടർ സാന്ദ്രാ. ഒരു ദിവസം അതീവഗുരുതരാവസ്ഥയിൽ അഞ്ചുപേർ എത്തുകയാണ്. എന്നാൽ അവരിൽ 2-3പേർ ദിവസവും മരിക്കുകയും ചെയ്യുന്നു. ഏറ്റവും വിഷമം തോന്നിയത് 22 വയസുളള ഒരു യുവാവ് കൊവിഡ് ബാധിച്ച് മരണമടഞ്ഞപ്പോഴാണ്. അയാൾ ആശുപത്രിയിലെത്തിയത് അതീവ ഗുരുതരാവസ്ഥയിലാണ്. കണ്ണുകൾ പോലും തുറന്നിരുന്നില്ല. അയാളുടെ അച്ഛനമ്മമാർ ഇടയ്‌ക്കിടെ മകന് എങ്ങനെയുണ്ടെന്ന് അന്വേഷിച്ചിരുന്നു. വേഗം സുഖം പ്രാപിക്കുമെന്നായിരുന്നു അവരെ ആശ്വസിപ്പിച്ചത്. എന്നാൽ അയാൾ വൈകാതെ മരണത്തിന് കീഴടങ്ങിയതോടെ ആ അച്ഛനും അമ്മയും തകർന്നുപോയി.
കഴിഞ്ഞ രണ്ടാഴ്‌ചകളായി കാര്യങ്ങൾ വളരെയധികം മോശമാകുകയാണ്. ഒരു മലയാളിയായ വീട്ടമ്മ ഐസിയുവിൽ എത്തുന്നതിന് മുൻപ് അവർക്ക് രണ്ട് കൊച്ചുകുട്ടികളുണ്ട് എങ്ങനെയും ജീവിക്കണമെന്ന് പറഞ്ഞു. പക്ഷെ വൈകാതെ അവരും മരിച്ചു. അതോടെ ഞാൻ ഉളളിൽ മരിച്ച അവസ്ഥയാണ്. മൃതദേഹങ്ങളെ നോക്കി ജനിക്കേണ്ടിയിരുന്നില്ലെന്ന് പലപ്പോഴും തോന്നിപ്പോയി. ഡോക്‌ടർ പറയുന്നു.
കേരളത്തിലുളള അച്ഛനമ്മമാർക്ക് അസുഖം വന്നാൽ ആര് നോക്കുമെന്ന വലിയ ഭയമുണ്ട്. തനിക്ക് രോഗം വന്നാൽ അച്ഛനമ്മമാരെ ആര് നോക്കുമെന്ന വിഷമവുമുണ്ട്. പൊതുജനങ്ങളോട് തനിക്ക് പറയാനുളളത് ഒരേയൊരു കാര്യം മാത്രമാണെന്ന് പറയുന്നു ഡോ. സാന്ദ്രാ സെബാസ്‌റ്റ്യൻ. 'മാസ്‌ക് ശരിയായി ധരിക്കണം, പുറത്തിറങ്ങാൻ കഴിയുന്നില്ല എന്നോർത്ത് അമർഷമുണ്ടാകരുത് സ്ഥിതി വളരെ മോശമാണ്'. ഈ ഘട്ടത്തിൽ സ്വന്തം വീട്ടിൽ കഴിയാനൊക്കുന്നത് ഇപ്പോൾ ഒരനുഗ്രഹമാണ് അത് മനസ്സിലാക്കണം. ഡോക്‌ടർ പറയുന്നു. ഡോക്‌ടർ സാന്ദ്രയുടെ പോസ്‌റ്റ് ശ്രദ്ധേയമായതോടെ ബോളിവുഡ് താരം അഭിഷേക് ബച്ചൻ 'ഹൃദയ ഭേദകം' എന്ന കുറിപ്പോടെ അത് ഷെയർ ചെയ്‌തിട്ടുമുണ്ട്.