വാഷിംഗ്ടൺ: ചരിത്രം സൃഷ്ടിച്ച് നാസയുടെ ചൊവ്വാ ദൗത്യ വാഹനം പെർസവറൻസ് റോവർ. ചൊവ്വയിലെ അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്‌സൈഡുകളെ ഓക്‌സിജനായി മാറ്റി. ബുധനാഴ്ച പ്രസ്താവനയിലൂടെയാണ് നാസ ചരിത്ര നേട്ടത്തെക്കുറിച്ച് അറിയിച്ചത്. ഇതാദ്യമായിട്ടാണ് മറ്റൊരു ഗ്രഹത്തിൽ നിന്ന് കാർബൺ ഡൈ ഓക്‌സൈഡ് ഓക്‌സിജനായി മാറ്റുന്ന പരീക്ഷണം വിജയിക്കുന്നത്.
Another huge first: converting CO2 into oxygen on Mars. Working off the land with what’s already here, my MOXIE instrument has shown it can be done!
Future explorers will need to generate oxygen for rocket fuel and for breathing on the Red Planet. https://t.co/9sjZT9KeOR— NASA's Perseverance Mars Rover (@NASAPersevere) April 21, 2021
'ചൊവ്വയിലെ കാർബൺ ഡൈ ഓക്‌സൈഡ് ഓക്‌സിജനായി പരിവർത്തനം ചെയ്യുന്നതിനുള്ള നിർണായകമായ ആദ്യ ഘട്ടമാണിത്'-നാസയുടെ ബഹിരാകാശ സാങ്കേതിക മിഷൻ ഡയറക്ടറേറ്റിന്റെ അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റർ ജിം റൗലേൃട്ടർ പറഞ്ഞു.ഭാവിയിലെ ബഹിരാകാശപര്യവേക്ഷണങ്ങൾക്ക് ഈ നേട്ടം വഴിത്തിരിവാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹിരാകാശ യാത്രക്കാർക്ക് ശ്വസിക്കാൻ ആവശ്യമായ ഓക്‌സിജനും, റോക്കറ്റ് പ്രൊപ്പലന്റിന്റെ പ്രവർത്തനത്തിനാവശ്യമായ ഓക്‌സിജനും ത്തരത്തിൽ ഉത്പാദിപ്പിക്കാനാവുമെന്നാണ് വിദഗ്ദ്ധരുടെ പ്രതീക്ഷ. ഇതുവഴി ബഹിരാകാശയാത്രകൾക്കാവശ്യമായ ഓക്‌സിജൻ ഭൂമിയിൽ നിന്ന് കൊണ്ടു പോകുന്നത് ഒഴിവാക്കാൻ കഴിയും.
പെർസിവിയറൻസ് റോവറിന്റെ മുൻഭാഗത്ത് വലതുവശത്തായി സ്ഥാപിച്ചിട്ടുള്ള ഒരു കാർ ബാറ്ററിയുടെ വലിപ്പമുള്ള സ്വർണാവരണമുള്ള പെട്ടിയായ മോക്‌സിയാണ് (The Mars Oxygen In-Situ Resource Utilization Experimetn) ഈ പ്രവർത്തനത്തിന് സഹായിക്കുന്നത്.
വൈദ്യുതി ഉപയോഗിച്ച് രാസപ്രവർത്തനത്തിലൂടെ കാർബൺ ഡൈ ഓക്‌സൈഡ് തന്മാത്രകളെ കാർബൺ ആറ്റവും ഓക്‌സിജൻ ആറ്റങ്ങളുമായി വിഘടിപ്പിക്കുകയാണ് മോക്‌സി ചെയ്യുന്നത്. വിഘടനത്തിന്റെ ഉപോത്പന്നമായി കാർബൺ മോണോക്‌സൈഡ് ഉണ്ടാകും. അഞ്ച് ഗ്രാം ഓക്‌സിജനാണ് മോക്‌സി ആദ്യത്തെ തവണ ഉത്പാദിപ്പിച്ചത്. സാധാരണയായി ഒരു ബഹിരാകാശ യാത്രികന് പത്ത് മിനിറ്റ് സമയത്തേക്ക് ശ്വസനത്തിനാവശ്യമായി വരുന്ന അളവാണിത്. മണിക്കൂറിൽ പത്ത് ഗ്രാം ഓക്‌സിജൻ ഉത്പാദിപ്പിക്കാവുന്ന തരത്തിലാണ് മോക്‌സിയുടെ രൂപകൽപന.
മോക്‌സിയുടെ നിർമാണത്തിനായി ഉയർന്ന താപനില അതിജീവിക്കാൻ ശേഷിയുള്ള നിക്കൽ അയിര് പോലെയുള്ള വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്.കഴിഞ്ഞ ഫെബ്രുവരി 18 നാണ് പെർസിവിയറൻസ് ചൊവ്വയിലിറങ്ങിയത്. ചൊവ്വയിൽ നിന്ന് ശബ്ദങ്ങളും ദൃശ്യങ്ങളും റോവർ നേരത്തെ ഭൂമിയിലേക്ക് അയച്ചിരുന്നു.