തിരുവനന്തപുരം: രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചതോടുകൂടി നഗരത്തിൽ പൊലീസ് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. 7.30ന് തന്നെ കടകൾ അടയ്‌ക്കണമെന്ന് കർശന നിർദേശമാണുള്ളത്. ചിലയിടങ്ങളിൽ ഇതേചൊല്ലി വ്യാപാരികളും പൊലീസുമായി തർക്കവും നടന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ ഉണ്ടായ സമാന സംഭവം ഇതിനുദാഹരണമാണ്.
രാത്രി ഏഴര കഴിഞ്ഞപ്പോൾ അട്ടക്കുളങ്ങര ബൈപ്പാസിലെ കടകളടപ്പിക്കാനെത്തിയ പൊലീസും വ്യാപാരികളും തമ്മിൽ കയ്യാങ്കളിയായി. പൊലീസ് ഒരു വ്യാപാരിയെ മർദ്ദിച്ചെന്ന പരാതിയും ഉയർന്നു.ഒടുവിൽ പൊലീസ് തന്നെ ജയിച്ചു. എട്ട് മണിയോടെ ഹോട്ടലുകളടക്കം അടപ്പിച്ച് നഗരത്തെ കർഫ്യൂവിലാക്കി. എന്നാൽ ചില ആളുകൾക്ക് മാത്രം തോന്നിയപോലെ ഇളവുകൾ നൽകാനും പൊലീസ് മറന്നില്ല.
തലസ്ഥാനത്തെ ചില ബാറുകൾ 8.30 കഴിഞ്ഞിട്ടും പ്രവർത്തിക്കുന്നുണ്ടായിരുന്നു. സമയം കഴിഞ്ഞും തുറന്ന് പ്രവർത്തിക്കുന്ന ബാറിന് മുന്നിലൂടെ പോയിട്ടും അടപ്പിക്കാൻ പൊലീസ് തയ്യാറായില്ല. എന്നാൽ എല്ലാ ബാറുകളുടെയും അവസ്ഥ ഇതല്ല. ചില വൻകിട ബാറുകൾക്ക് മാത്രമാണ് പൊലീസിന്റെ ഈ വിശേഷ പരിഗണന എന്നതാണ് പ്രത്യേകത.