pooram

തൃശൂർ: നെയ്‌തലക്കാവ് ഭഗവതി വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട തുറന്ന് പുറത്തേക്ക് എഴുന്നള‌ളിയതോടെ ഈ വർഷത്തെ തൃശൂർ പൂര മഹോത്സവത്തിന് തുടക്കമായി. 11.45ഓടെ ആചാരപെരുമയിൽ ഗോപുര നട തുറന്ന് ഗജരാജൻ എറണാകുളം ശിവകുമാർ തിടമ്പേ‌റ്റിയ നെയ്‌തലക്കാവ് ക്ഷേത്രത്തിലെ എഴുന്നള‌ളത്ത് പുറത്തെത്തി. 36 മണിക്കൂർ നീളുന്ന പൂരാഘോഷത്തിന് ഇതോടെ തുടക്കമായി. ക്ഷേത്ര അധികൃതരും മേളക്കാരും മാദ്ധ്യമ പ്രവർത്തകരുമടക്കം ചുരുക്കം ജനം മാത്രമാണ് ക്ഷേത്ര നടയിലുണ്ടായിരുന്നത്. സാധാരണ ക്ഷേത്രനട ജനസാഗരമാകുന്ന ചടങ്ങ് ഇത്തവണ കൊവിഡ് സാഹചര്യം കാരണം പ്രോട്ടോകോൾ പാലിച്ചാണ് ലളിതമാക്കിയത്.

പൂരത്തിന് മുൻപുള‌ള സാമ്പിൾ വെടിക്കെട്ടും ഇന്നലെ പ്രതീകാത്മകമായാണ് നടന്നത്. തിരുവമ്പാടി,​ പാറമേക്കാവ് വിഭാഗങ്ങൾ ഓരോ കുഴിമിന്നൽ മാത്രമാണ് പൊട്ടിച്ചത്. ഇരു ദേവസ്വങ്ങൾക്കും പുറമേ എട്ടോളം ഘടക പൂരങ്ങളാണ് തൃശൂർ പൂരത്തിലുള‌ളത്. ഇവർക്കും ഓരോ ആനകൾ വീതമാകും ഇത്തവണ എഴുന്നള‌ളത്തിനുണ്ടാകുക. ഓരോ ക്ഷേത്രത്തിനൊപ്പവും 50 ഓളം സംഘാടകരാകാം. എന്നാൽ പൂരപ്പറമ്പിൽ നിൽക്കുന്നവരെല്ലാം ആർ‌ടി‌പി‌സി‌ആർ ഫലം നെഗ‌റ്റീവായവരോ രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരോ ആകണം.

പൂരത്തിന് പങ്കെടുക്കുന്ന ക്ഷേത്രങ്ങൾ ഇവയാണ്. കാരമുക്ക് ഭഗവതി ക്ഷേത്രം,​ ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം,​ നെയ്‌തലക്കാവ് ഭഗവതി ക്ഷേത്രം,​ ലാലൂർ ഭഗവതി ക്ഷേത്രം,​ അയ്യന്തോൾ കാർത്ത്യായനീ ക്ഷേത്രം,​ ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം,​ പനയ്‌ക്കേമ്പിള‌ളി ശാസ്‌താ ക്ഷേത്രം. നാളെ പുലർച്ചെ മുതൽ തന്നെ ഘടക പൂരങ്ങൾ വടക്കും നാഥ ക്ഷേത്ര സന്നിധിയിൽ എത്തിത്തുടങ്ങും.

പൂരത്തിന്റെ പ്രധാന ചടങ്ങുകളായ മഠത്തിൽ വരവിനും ഇലഞ്ഞിത്തറമേളത്തിനും ഇത്തവണ നിയന്ത്രണമില്ല. അവ ആചാരപ്രകാരം നടത്തും. എന്നാൽ പൂരത്തിന്റെ പ്രധാന ആകർഷണമായ കുടമാ‌റ്റത്തിന് ഇത്തവണ സമയം കുറയും. പൂരപി‌റ്റേന്നുള‌ള പകൽ പൂരം ഈ വർഷം ഒഴിവാക്കി.