gold

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ച് ഉയരുന്നു. പവന്റെ വില 200 രൂപ കൂടി 36,080 രൂപയായി. 4510 രൂപയാണ് ഗ്രാമിന്റെ വില. 35,880 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഏപ്രില്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നത്തേത്. ഈ മാസം ഇതുവരെ പവന് 2760 രൂപയാണ് കൂടിയത്. ഇന്നലെയും സംസ്ഥാനത്ത് സ്വര്‍ണവില വര്‍ദ്ധിച്ചിരുന്നു. പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് വര്‍ദ്ധിച്ചത്.

വരും ദിവസങ്ങളിലും സ്വര്‍ണവില ഉയര്‍ന്നേക്കുമെന്ന സൂചനകളാണ് വരുന്നത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വില കുറഞ്ഞ ശേഷമാണ് ഏപ്രിലില്‍ സ്വര്‍ണ വില വര്‍ദ്ധിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് കുറഞ്ഞിരുന്നു. മാര്‍ച്ച് മാസത്തില്‍ സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 32,880 രൂപയുമായിരുന്നു.

ആഗോള വിപണിയിലും മഞ്ഞ ലോഹത്തിന് വില വര്‍ദ്ധിച്ചിട്ടുണ്ട്. സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,793.32 ഡോളര്‍ നിലവാരത്തിലെത്തി. യുഎസ് ട്രഷറി ആദായം കുറഞ്ഞതും ഡോളര്‍ ദുര്‍ബലമായതുമാണ് സ്വര്‍ണവിലയില്‍ വര്‍ദ്ധനവുണ്ടാക്കിയത്. നിലവിലെ വിപണി സാഹചര്യങ്ങള്‍ സ്വര്‍ണത്തിന് അനുകൂലമാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അതേസമയം, തുടര്‍ച്ചയായ ദിവസങ്ങളിലെ വര്‍ദ്ധനവിനുശേഷം എംസിഎക്സ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 48,195 രൂപ നിലവാരത്തിലെത്തി. കഴിഞ്ഞ വ്യാപാരദിനത്തില്‍ വില 0.72ശതമാനം വര്‍ദ്ധിച്ച് രണ്ടുമാസത്തെ ഉയര്‍ന്ന നിലവാരമായ 48,200ലെത്തിയിരുന്നു.