തിരുവനന്തപുരം: സംസ്ഥാനത്ത് കൂട്ട കൊവിഡ് പരിശോധന നടത്തുന്നത് വിദഗ്ദ്ധരുടേയും ജനങ്ങളുടേയും അഭ്യർത്ഥന മാനിച്ചാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കൂട്ട പരിശോധന. മഹാമാരിക്കെതിരെ വലിയ യുദ്ധമാണ് നടത്തുന്നത്. നിരന്തര ജാഗ്രതയോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. പ്രയാസങ്ങൾ ലഘൂകരിക്കാൻ സർക്കാർ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
സാമ്പിൾ പരിശോധനയ്‌ക്ക് കൊടുത്താൽ പരിശോധന ഫലം വരുന്നത് വരെ നിരീക്ഷണത്തിൽ തുടരണം. രോഗലക്ഷണമുളളവർക്കാണ് പരിശോധനയിൽ മുൻഗണന നൽകുന്നത്. നേരിയ ലക്ഷണമെങ്കിലും ഉണ്ടെങ്കിൽ ആരും പറയാതെ പരിശോധന കേന്ദ്രത്തിൽ എത്തണം. പരിശോധനഫലം വരാൻ കുറച്ച് ദിവസം താമസിക്കുമെന്നും ശൈലജ പറഞ്ഞു.
മഹാമാരിയെ നേരിടാൻ എളുപ്പവഴികളില്ല. ദിവസവും ഒരു ലക്ഷത്തിനടുത്ത് സാമ്പിളുകൾ പരിശോധിക്കുന്നുണ്ട്. വരുംദിവസങ്ങളിൽ ഇതിന്റെ വ്യാപ്‌തി നോക്കാം. ഓവർ ആക്‌ട് ചെയ്‌തതു കൊണ്ടാണ് കേരളത്തിന്റെ മരണനിരക്ക് പിടിച്ചുനിർത്താനായതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.