മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് നെഗറ്റീവ് ആയി വീട്ടിൽ പോകുമ്പോൾ രോഗബാധിതയായ ഭാര്യ അദ്ദേഹത്തെ അനുഗമിച്ചത് വിവാദമായിരുന്നു. കുടുംബബന്ധത്തിന്റെ ദൃഢത കൊണ്ടാണ് ഭാര്യ തന്നെ അനുഗമിച്ചതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് പിന്നാലെ അദ്ദേഹത്തോട് ചില സംശയങ്ങൾ ചോദിച്ചിരിക്കുകയാണ് കോൺഗ്രസ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചത്.
കുടുംബബന്ധത്തിന്റെ ദൃഢതയൊക്കെ കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമാണോ?, രോഗം സ്ഥിരീകരിച്ച് ഏഴാം ദിവസം ടെസ്റ്റ് നടത്തി വീട്ടിലേക്ക് പോകുന്നത് കൊവിഡ് പ്രോട്ടോക്കോൾ ലംഘനമല്ലേ തുടങ്ങി അഞ്ച് ചോദ്യങ്ങളാണ് അദ്ദേഹം ചോദിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാർത്താ സമ്മേളനത്തിനെ കുറിച്ചുള്ള ചില സംശയങ്ങൾ. " ഏപ്രില്‍ നാലിന് രോഗം ബാധിച്ചിട്ടില്ലെന്നും പരിശോധിച്ചത് ലക്ഷണമുണ്ടായിട്ടല്ല. മകള്‍ക്ക് രോഗം വന്നത് കൊണ്ട് മാത്രമാണ് പരിശോധിച്ചത് " എന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെയെങ്കിൽ,
1) ഏപ്രിൽ 4 ന് രോഗലക്ഷണം ഉണ്ടായിരുന്നു, അന്ന് മുതൽ പോസിറ്റിവാണ് എന്ന് പറഞ്ഞ കോഴിക്കോട് മെഡിക്കൽ കോളജ് ഡോക്ടർ ശശിക്കെതിരെ കളവ് പറഞ്ഞതിന് നടപടി എടുക്കുമോ?
2) രോഗം സ്ഥിരീകരിച്ച് ഏഴാം ദിവസം ടെസ്റ്റ് നടത്തി വീട്ടിലേക്ക് പോകുന്നത് കോവിഡ് പ്രോട്ടോക്കോൾ ലംഘനമല്ലേ? പിന്നെ താങ്കൾ പറഞ്ഞത്, " കുടുംബബന്ധത്തിന്റെ ദൃഢത കൊണ്ടാണ് ഭാര്യ അനുഗമിച്ചത്. എല്ലാ കുടുംബത്തിലും അങ്ങനെയാണോ എന്നറിയില്ല " 1) കുടുംബ ബന്ധത്തിൻ്റെ ദൃഡതയൊക്കെ കോവിഡ് പ്രോട്ടോക്കോളിൻ്റെ ഭാഗമാണോ? 2) ആന്മുളയിലെ ഒരു കോവിഡ് രോഗിയായ പെൺകുട്ടി ആംബുലൻസ് ഡ്രൈവറാൽ പീഡിപ്പിക്കപ്പെട്ടിരുന്നല്ലോ, ആ പെൺകുട്ടിയുടെ കുടുംബത്തിൻ്റെ ദൃഡത കണക്കിലെടുത്ത് ഒരു കുടുംബാംഗം കൂടെയുണ്ടായിരുന്നെങ്കിൽ ആ പെൺകുട്ടി പീഡിപ്പിക്കപ്പെടില്ലായിരുന്നല്ലോ?
3) നമ്മുടെ നാട്ടിൽ മരിച്ച ധാരാളം കോവിഡ് രോഗികൾ ഉണ്ട്, അവരുടെ ഉറ്റവർക്കു അവരെ അവസാനമായി ഒരു നോക്ക് കാണുവാൻ കഴിയാഞ്ഞതിൻ്റെ ഘനം ഇപ്പോഴും കരഞ്ഞ് തീർന്ന് കാണില്ല , അവരുടെ കുടുംബത്തിലും ദൃഢതയില്ലേ?
4) ചാണ്ടി ഉമ്മൻ ഉമ്മൻ ചാണ്ടിയ്ക്കൊപ്പം ആശുപത്രിയിൽ കഴിഞ്ഞതിനെ താങ്കളുടെ പാർട്ടിയിലെ സൈബർ സഖാക്കൾ വിമർശിച്ചിരുന്നല്ലോ, ആ കുടുംബത്തിന് ദൃഢതയില്ലെ?
5) പ്രവാസികൾ നാട്ടിൽ വരുവാൻ കഴിയാതെ, ഉറ്റവരെ കാണുവാൻ കഴിയാതെ മരിച്ച് വീഴുമ്പോൾ ആ കുടുംബങ്ങളിൽ ദൃഢതയില്ലെ? താങ്കൾ ചെയ്യുമ്പോൾ മാത്രം വിവാദമാകുന്നതല്ല സഖാവെ , താങ്കൾ ഈ നാടിൻ്റെ മുഖ്യമന്ത്രിയാണ്. അങ്ങാണ് ഈ നാടിന് മാതൃകയാകേണ്ടത്. അങ്ങ് പ്രോട്ടോക്കോൾ പാലിക്കാതെയിരിക്കുന്നത് സമൂഹത്തിനാകെ ഒരു തെറ്റായ മാതൃകയാകും...
.