തിരുവനന്തപുരം: ദേശീയപാത മുറിച്ച് കടന്നയാളെ രക്ഷിക്കാൻ ബ്രേക്കിട്ട കാറിന് പിന്നിൽ മറ്റൊരു കാറിടിച്ച് അപകടം. അപകടത്തിന് പിന്നാലെ റോഡ് കുറുകെ കടന്നയാൾ നഷ്‌ടപരിഹാരം നൽകണമെന്ന് കാറുടമ ആവശ്യപ്പെട്ടത് വാക്കുതർക്കത്തിനും കയ്യാങ്കളിക്കും ഇടയാക്കി. ഒടുവിൽ നാട്ടുകാരും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ഇടപെട്ടാണ് സംഘർഷാവസ്ഥയ്‌ക്ക് അയവു വരുത്തിയത്.
മുടവൂർപാറ നസ്റത്ത് ഹോം സ്‌കൂളിന് മുന്നിലായിരുന്നു സംഭവം. പ്രാവച്ചമ്പലം ഭാഗത്തേക്ക് സഞ്ചരിച്ച കാറുകളാണ് അപകടത്തിൽപ്പെട്ടത്. സ്‌കൂളിൽ കുട്ടിയെ വിട്ട ശേഷം റോഡ് കുറുകെ കടക്കുകയായിരുന്ന ആളെ രക്ഷിക്കാനുളള ശ്രമത്തിൽ ബ്രേക്കിട്ട കാറിന് പിന്നിൽ അതേ വേഗതയിൽ വന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും സാരമായി പരിക്കേറ്റിട്ടില്ല.
മുന്നിൽ സഞ്ചരിച്ച കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രണ്ടായിരത്തിലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിന് മുന്നിൽ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും ജീവനക്കാർക്കും റോഡിന് അപ്പുറവും ഇപ്പുറവും കടക്കാൻ സംവിധാനം ഉണ്ടാകണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കരമന–കളിയിക്കാവിള രണ്ടാം ഘട്ടം ദേശീയപാത വികസനത്തോടൊപ്പം ബാലരാമപുരം- പ്രാവച്ചമ്പലം റോഡിൽ അപകടം പതിവായി മാറിയിരിക്കുകയാണ്