നൂതനമായ ചിന്തകൾ കൊണ്ട് പലപ്പോഴും ഫാഷൻ ലോകത്തെ നിരവധി വിസ്മയങ്ങൾക്ക് നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. പ്രകൃതിയിലേയ്ക്ക് മടങ്ങുക എന്ന ആശയം മുൻനിറുത്തി പ്രകൃതിയുമായി ചേർന്ന് നിൽക്കുന്ന ഫാഷൻ സങ്കല്പങ്ങളെയും നമുക്ക് പരിചയമുണ്ട്. അത്തരത്തിൽ ഒരു ചിന്തയിൽ നിന്നാണ് ഫ്രഞ്ച് ഫാഷൻ ഡിസൈനറായ ജീൻ പോൾ ഗോൾട്ടിയർ ലീഫ് ബാഗുകൾ ഡിസൈൻ ചെയ്തത്.
ഈ ലീഫ് ബാഗ് കണ്ടാൽ ഇല കൊണ്ടു നിർമ്മിച്ചിരിക്കുന്നതു പോലെയെ തോന്നുകയുള്ളു. സമ്മർ കളക്ഷന്റെ ഭാഗമായിട്ടാണ് ഈ ഇല ബാഗ് ഡിസൈൻ ചെയ്തത്. എന്നാൽ, ഇതിന്റെ ചിത്രങ്ങൾ വീണ്ടും സൈബർ ലോകത്ത് പ്രചരിക്കുകയാണ്. റാംപ് വാക്ക് ചെയ്യുന്ന യുവതിയുടെ കയ്യിലുള്ള ലീഫ് ബാഗിന്റെയും പേഴ്സിന്റെയും ചിത്രങ്ങൾ ആരോ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. ചിത്രങ്ങൾ വൈറലായതിനെ തുടർന്നാണ് സൈബർ ലോകം സംഭവം ഏറ്റെടുത്തത്. ഈ ബാഗ് ഒരു ഭക്ഷണപ്പൊതിയാണോ, ഉള്ളിൽ ഭക്ഷണം ഉണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് കമന്റ് ബോക്സിലൂടെ നിരവധി പേർ പങ്കുവച്ചത്. കൂടാതെ ഇലയിൽ പൊതിഞ്ഞ ഭക്ഷണത്തിന്റെ ചിത്രങ്ങളും പലരും പങ്കുവച്ചിട്ടുണ്ട്.