ma-baby

സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്റെ വിയോഗത്തിൽ വികാരനിർഭരമായ കുറിപ്പുമായി എംഎ ബേബി. സീതാറാമും ഭാര്യ ഇന്ദ്രാണിയും മാനസികമായി വല്ലാതെ ക്ഷീണിച്ചിട്ടുണ്ടെന്നും, തങ്ങൾക്ക് നഷ്‌ടപ്പെട്ടത് പ്രതിഭാശാലിയായ യുവാവിനെയാണെന്നും ബേബി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'പ്രിയ സഖാക്കൾ സീതാറാം യെച്ചൂരിയുടെയും ഇന്ദ്രാണി മജുംദാറിന്റെയും മകൻ ആശിഷ് യെച്ചൂരിയുടെ മരണം അങ്ങേയറ്റം സങ്കടകരമാണ്. കോവിഡ് മഹാമാരിയുടെ നടുക്കുന്ന മറ്റൊരിര. എനിക്കും ബെറ്റിക്കും സ്വന്തം കുടുംബാംഗത്തെ പോലൊരാളെയാണ് നഷ്ടപ്പെട്ടത്. ഒരു കുടുംബത്തെപ്പോലെയാണ് ഡൽഹിയിൽ എസ് എഫ് ഐയുടെ പ്രവർത്തനകാലത്ത് ഞങ്ങൾ വിതൽഭായ് പട്ടേൽ ഹൌസിൽ ജീവിച്ചിരുന്നത്. ആശിഷിന്റെ ചേച്ചിയെ ചിക്കു എന്നും ആശിഷിനെ ബിക്കു എന്നുമാണ് ഞങ്ങൾ വിളിച്ചിരുന്നത്. അവരെല്ലാം ബെറ്റിയുടെയും എന്റെയും കണ്മുമ്പിലാണ് വളർന്നത്. എസ്എഫ്‌ഐയുടെ ഓഫീസിൽ അവർ വരാറുണ്ടായിരുന്നു. അവിടെ ഞങ്ങൾ ഒത്തു കൂടാറുണ്ടായിരുന്നു. ദില്ലിയിലെ ഒരു ഒറ്റമുറി വീട്ടിലാണ് സീതാറാമും ഇന്ദ്രാണിയും , ഞങ്ങൾ ഓരോരുത്തരും അന്ന് താമസിച്ചിരുന്നത്. ഞങ്ങൾ അവരുടെ വീട്ടിൽ പോകുകയും അവിടെ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്യാറുണ്ടായിരുന്നു. മറിച്ചും. കുഞ്ഞുങ്ങളും ഒത്തുചേർന്ന് കളിക്കാറുണ്ടായിരുന്നു. അതിനു ശേഷം 1998ൽ കേരളത്തിലേക്ക് ഇടക്കാലത്ത് പ്രവർത്തന കേന്ദ്രം മാറിയപ്പോൾ ആ കുട്ടികളുമായുള്ള ബന്ധം ഒരുപരിധിവരെ കുറഞ്ഞുപോയിരുന്നു. പിന്നെ വളർന്നു യുവാവായതിനു ശേഷമാണ് കാണുന്നത്. വളരെ യാദൃശ്ചികമായിട്ടാണ് യാത്രക്കിടയിൽ ആശിഷിന്റെ വിവാഹസ്വീകരണ ചടങ്ങിൽ ദൽഹിയിൽ ബെറ്റിയൊന്നിച്ച് പങ്കെടുക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള പത്രങ്ങളിൽ ജോലി ചെയ്തിരുന്ന പ്രതിഭാശാലിയായ ഒരു യുവാവിനെയാണ് നമുക്ക് നഷ്ടമായത്.


രാവിലെ ഈ ദുഃഖവാർത്തയറിഞ്ഞു സീതാറാമിനെയും ഇന്ദ്രാണിയേയും ഫോണിൽ വിളിച്ചു സംസാരിച്ചു. ഇതുപോലൊരു സന്ദർഭത്തിൽ കരുത്താർജ്ജിക്കുക, മനോബലം നേടുക, ഈ ദുഖത്തെ മറികടക്കാനുള്ള ശേഷി സമ്പാദിക്കുക എന്ന് മാത്രം സഖാക്കളോട് പറഞ്ഞു. അവർഇരുവരും വല്ലാതെ മാനസികമായി ക്ഷീണിച്ചിട്ടുണ്ട്. പക്ഷെ ഈ സാഹചര്യത്തെ നേരിടുകയല്ലാതെ മാർഗമില്ല. പ്രിയ സഖാക്കളുടെ മകൻ , ബെറ്റിക്കും എനിക്കും മകനെപ്പോലെ വേണ്ടപ്പെട്ട ആശിഷിന്റെ മരണത്തിൽ പറഞ്ഞറിയിക്കാനാവാത്ത ദുഃഖവും അനുശോചനവും അറിയിക്കുന്നു.

‘പ്രിയ സഖാക്കൾ സീതാറാം യെച്ചൂരിയുടെയും ഇന്ദ്രാണി മജുംദാറിൻറെയും മകൻ ആശിഷ് യെച്ചൂരിയുടെ മരണം അങ്ങേയറ്റം സങ്കടകരമാണ്....

Posted by M A Baby on Wednesday, 21 April 2021