ന്യൂഡൽഹി: കൊവിഡ് വ്യാപനം മൂലം രാജ്യത്തുണ്ടായിരിക്കുന്ന പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. കേന്ദ്ര സർക്കാരിന് നോട്ടീസ് അയക്കാൻ നിർദേശിച്ച കോടതി കേസ് നാളെ പരിഗണിക്കുമെന്ന് അറിയിച്ചു. കൊവിഡ് മഹാമാരി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ ഓക്‌സിജൻ വിതരണം, മരുന്ന് വിതരണം, വാക്‌സിൻ നയം എന്നിവയിലാണ് സുപ്രീം കോടതി കേസെടുത്തത്.
കേസിൽ കോടതിയെ സഹായിക്കാൻ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. ഇക്കാര്യത്തിൽ വിവിധ കോടതികളിലുളള കേസുകൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ നിർദേശിച്ചു. വ്യത്യസ്‌ത കോടതികൾ വ്യത്യസ്‌ത വിധികൾ പുറപ്പെടുവിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ആറ് ഹൈക്കോടതികളിൽ കേസ് നടക്കുന്നുണ്ട്. ഓക്‌സിജൻ വിതരണം, അവശ്യ സർവീസ്, മരുന്ന് വിതരണം, വാക്‌സിനേഷൻ നയം എന്നിവയ്‌ക്ക് പുറമേ ലോക്ക് ഡൗൺ പ്രഖ്യാപിക്കാനുളള സംസ്ഥാനങ്ങളുടെ അധികാരവും കോടതി പരിശോധിക്കും.