കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായിക്കൊണ്ടിരികക്കുകയാണ്. വൈറസ് ബാധയെ പ്രതിരോധിക്കാൻ ഭരണകൂടങ്ങളും ആരോഗ്യപ്രവർത്തകരുമൊക്കെ നിർദേശിക്കുന്ന ഏറ്റവും മികച്ച മാർഗം വാക്‌സിനേഷൻ ആണ്. നിരവധി പേർ കുത്തിവയ്പ് എടുത്തു കഴിഞ്ഞു. എന്നിരുന്നാലും വാക്‌സിനുകൾ കൊവിഡിനെ പ്രതിരോധിക്കാൻ ഫലപ്രദമല്ലെന്നും, മരുന്ന് കമ്പനികൾക്ക് ലാഭം അടിച്ചുമാറ്റാനുള്ള ഉഡായിപ്പാണ് ഇതെന്നുമൊക്കെ ചില പ്രചാരണങ്ങളും നടക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ വാക്‌സിനുകളുടെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ട് അമേരിക്കൻ മലയാളിയായ ഷിബു ഗോപാലകൃഷ്ണൻ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയിൽ രണ്ട് ഡോസ് വാക്‌സിനുകൾ സ്വീകരിച്ച എത്രപേർക്ക് കൊവിഡ് വന്നുവെന്ന കണക്കുകൾ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
95% പ്രതിരോധ ശേഷിയാണ് മൂന്നാമത്തെ ക്ലിനിക്കൽ ട്രയലിനു ശേഷം ഫൈസറും മൊഡേണയും അവകാശപ്പെട്ടത്. അതുകൊണ്ടു തന്നെ രണ്ടു ഡോസും എടുത്തു കഴിഞ്ഞവരിൽ എത്രപേർക്ക് കോവിഡ് ബാധ ഉണ്ടായി എന്നത് ആകാംക്ഷാപൂർവ്വം കാത്തിരുന്ന കണക്കായിരുന്നു.സിഡിസി അത് പുറത്തുവിട്ടിരിക്കുന്നു.
രണ്ടു ഡോസും എടുത്ത അമേരിക്കയിലെ 8.4 കോടി മനുഷ്യരിൽ 6000 പേർക്കാണ് വൈറസ് ബാധ ഉണ്ടായത്. രണ്ടാമത്തെ ഡോസിനു ശേഷം പ്രതിരോധശേഷി പൂർണതോതിൽ സജ്ജമാവാൻ വേണ്ടിവരുന്ന പതിനാലു ദിവസത്തിനു ശേഷമുള്ള കണക്കാണിത്.
എന്നുവച്ചാൽ വെറും 0.007% മാത്രമാണ് വൈറസിനു വാക്സിനെ ഭേദിക്കാൻ കഴിഞ്ഞത്. ഫലപ്രാപ്തി 99 ശതമാനത്തിലധികം. ഇതിലും ആവേശം കൊള്ളിക്കുന്ന കണക്കാണ് ഞങ്ങളുടെ സ്വന്തം സിറ്റിയായ സാൻഫ്രാൻസിസ്കോയിൽ നിന്നും വരുന്നത്.
18 വയസിനു മുകളിൽ പ്രായമുള്ള 40% ആളുകൾക്കും രണ്ടു ഡോസും എടുത്തുകഴിഞ്ഞ അവിടെ ദിവസേനയുള്ള പുതിയ കേസുകളുടെ എണ്ണം മുപ്പതായി ഇടിഞ്ഞിരിക്കുന്നു. വാക്സിൻ ഒക്കെ വെറും തട്ടിപ്പാണെന്നും മരുന്നു കമ്പനികൾക്കു പൈസ ഉണ്ടാക്കാനുള്ള ഉഡായിപ്പാണെന്നും പറഞ്ഞു തർക്കിച്ചിരുന്ന ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു. അവനൊക്കെ ഇപ്പോൾ എവിടെയാണോ എന്തോ?