iit

കൊവി‌ഡ് പരിശോധനയ്‌ക്കായി നിലവിൽ ഉപയോഗിക്കുന്ന ടെസ്‌റ്റിംഗ് രീതികൾ ആന്റിജൻ പരിശോധനയും ആർ.ടി.പി.സി.ആർ പരിശോധനയുമാണ്. ഇതിൽ ഏറ്റവും കൃത്യമായ വിവരം നൽകുന്നത് ആർ.ടി.പി.സി.ആർ പരിശോധനയാണ്. എന്നാൽ നിലവിൽ കൊവിഡ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആ‌ർ.ടി.പി.സി.ആർ ഫലം ലഭിക്കാൻ വൻ നഗരങ്ങളിൽ രണ്ട് മുതൽ അഞ്ച് ദിവസം വരെയെടുക്കുന്നു എന്ന് വാർത്തകളുണ്ട്. ഈ സാഹചര്യം ഒഴിവാക്കി ഉടൻ തന്നെ സാമ്പിൾ ഫലം ലഭിക്കാനുള‌ള ഒരു ഉപകരണം തയ്യാറാക്കിയിരിക്കുകയാണ് ഐ.ഐ.ടി ഖരക്‌പൂർ. 'കൊവിറാപ്' എന്നാണ് ഇതിന്റെ പേര്.

ഐ.ഐ.ടിയിലെ ഗവേഷകരായ പ്രൊഫസർ സുമൻ ചക്രബർത്തി, ഡോക്‌ടർ ആരിന്ധം മൊണ്ടാൾ എന്നിവർ നേതൃത്വം നൽകുന്ന ഗവേഷണ വിഭാഗമാണ് ഈ വിദ്യ കണ്ടെത്തിയത്. ഇന്ത്യയിലെ റാപ്പിഡ് ഡയഗനോസ്‌റ്റിക് ഗ്രൂപ്പ്, അമേരിക്കയിലെ ബ്രമേർട്ടൺ ഹോൾഡിംഗ്സ് എന്നിവർക്ക് ഇത് വിപണിയിലെത്തിക്കുന്നതിന് അനുമതി ലഭിച്ചുകഴിഞ്ഞു.

അതിവേഗം രോഗവ്യാപനമുണ്ടാകുന്ന സാഹചര്യത്തിൽ ഈ ഉപകരണം ആവശ്യം വരുമെന്നാണ് ഐ.ഐ.ടി ഡയറക്‌ടർ പ്രൊഫ. വി.കെ തിവാരി പറയുന്നത്. വെറും 45 മിനിട്ടുകൾ കൊണ്ട് കൊവിഡ് പരിശോധനാ ഫലം ലഭ്യമാക്കാൻ കൊവിറാപ്പിനാകും. കൊവിഡ് പരിശോധനയ്‌ക്ക് പുറമേ ക്ഷയരോഗം കണ്ടെത്താനും ഈ ഉപകരണം ഉപയോഗിക്കാൻ കഴിയുമെന്ന് ഐ.ഐ.ടി അധികൃതരും റാപ്പിഡ് ഡയഗനോസ്‌റ്റിക് ഗ്രൂപ്പും അവകാശപ്പെടുന്നു.

പലഘട്ടങ്ങളായുള‌ള ഐസോ‌തെർമൽ ന്യൂക്ളിക് ആസിഡ് പരിശോധനാ സാങ്കേതിക വിദ്യയാണ് കൊവിറാപിൽ ഉപയോഗിക്കുന്നത്. വ്യക്തമായ ഫലം ലഭിക്കുന്നതിന് ഈ ഉപകരണത്തോടൊപ്പം ഒരു ആപ്പും തയ്യാറാക്കിയിട്ടുണ്ട്. മൂക്കിൽ നിന്നും വായിൽ നിന്നും സ്വീകരിക്കുന്ന സാമ്പിളുകൾ ഒരു പ്രത്യേക ലായനിയിൽ ചേർത്ത് ഉടൻ തന്നെ ഫലം ലഭിക്കുന്നതാണ് കൊവിറാപ്പിന്റെ രീതി. ടെസ്‌റ്റുകളിൽ മികച്ച ഫലമാണ് ഉപകരണത്തിന് ലഭിച്ചത്. അമേരിക്കയിലും യൂറോപ്പിലും അടിയന്തര ഘട്ടത്തിൽ ഫലം അറിയാനായി ഉപയോഗത്തിന് അനുമതി കാത്തിരിക്കുകയാണ് ഐ.ഐ.ടി ഗവേഷകർ.