ഫരീദാബാദ്: ഭര്‍ത്താവിന്റെ ഓട്ടോയില്‍ കഞ്ചാവ് ഒളിപ്പിച്ച ശേഷം ഭാര്യ ഇക്കാര്യം പൊലീസിനെ അറിയിച്ചു. കഞ്ചാവ് കേസില്‍ പൊലീസ് ഭര്‍ത്താവിനെ അറസ്റ്റു ചെയ്യുക എന്നതായിരുന്നു യുവതിയുടെ ലക്ഷ്യം. ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്ന സംശയവും വൈരാഗ്യവുമാണ് യുവതിയെ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ ഫരീദാബാദിന് സമീപം എസ്‌ജിഎം നഗറിലാണ് സംഭവമുണ്ടായത്.
ഓട്ടോറിക്ഷ ഡ്രൈവറായ ഭര്‍ത്താവ് എല്ലാ ദിവസവും വൈകിയാണ് വീട്ടില്‍ വന്നിരുന്നത്. ഇത് ഭാര്യയില്‍ സംശയത്തിന് ഇടയാക്കി. ഇവര്‍ വഴക്കിടുന്നത് പതിവാണ്. ഭര്‍ത്താവിന്റെ മര്‍ദ്ദനത്തിനും യുവതി പലപ്പോഴും ഇരയായി. ഈ വൈരാഗ്യം തീര്‍ക്കാന്‍ യുവതി പവന്‍ എന്ന ആളില്‍ നിന്നും 700 ഗ്രാം കഞ്ചാവ് വാങ്ങി. അത് ഭര്‍ത്താവ് അറിയാതെ അയാളുടെ ഓട്ടോയില്‍ ഒളിപ്പിച്ചു വച്ചു. എന്നിട്ട് ഓട്ടോയില്‍ കഞ്ചാവ് കടത്തുന്നുവെന്ന വിവരം ഓട്ടോറിക്ഷയുടെ നമ്പര്‍ സഹിതം പൊലീസിനെ അറിയിച്ചു. പൊലീസ് യുവാവിനെ പിടികൂടിയെങ്കിലും ഫോണ്‍വിളി സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിയപ്പോളാണ് ഭാര്യയുടെ പങ്കാളിത്ത്വം വെളിച്ചത്തു വന്നത്. യുവതിക്ക് കഞ്ചാവ് നല്‍കിയ ഡല്‍ഹി സ്വദേശിയായ പവന്‍ എന്നയാളെ കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.