തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസവും കുതിച്ചുയരുന്നതിനിടെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലെ (ഐ.സി.യു) കിടക്കകളുടെ ആവശ്യകത ഏറുന്നു. ഇപ്പോൾ തന്നെ മെഡിക്കൽ കോളേജുകളിലെ ഐ.സി.യുകളും വെന്റിലേറ്ററുകളും ഏറെക്കുറെ നിറഞ്ഞുകഴിഞ്ഞു. കൂടുതൽ രോഗികൾ എത്തിത്തുടങ്ങിയതോടെ അവരെ സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞയയ്ക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഏറ്റവും കൂടുതൽ രോഗികളുള്ള ജില്ലകളിലൊന്നായ എറണാകുളത്ത് 21,000 കടന്നിട്ടുണ്ട്. ഇപ്പോഴത്തെ നില തുടർന്നാൽ മേയ് ആദ്യവാരത്തോടെ രോഗവ്യാപനം അതിന്റെ മൂർദ്ധന്യത്തിൽ എത്തുമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.
നിലവിൽ രോഗികളുടെ എണ്ണം ഇരട്ടിയാകാൻ എടുക്കുന്ന സമയം 10 ദിവസത്തിനും താഴെയായിട്ടുണ്ട്. വ്യാപനം തടയാൻ പരമാവധി പരിശോധന നടത്തി രോഗികളെ മാറ്റിയില്ലെങ്കിൽ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ. അതിനാലാണ് സർക്കാർ കൂട്ടപ്പരിശോധന നടത്താൻ തീരുമാനിച്ചത്. ആദ്യ ഘട്ടത്തിൽ കൊവിഡ് പ്രതിരോധത്തിൽ എല്ലാവരുടെയും പ്രശംസ നേടിയ കേരള മോഡലിന് പക്ഷേ ഇപ്പോൾ അത്ര പ്രീതി പോര. എത്രയധികം പേരെ പരിശോധിക്കുന്നുവോ അത്രയും കൂടുതൽ പേർക്ക് രോഗം എന്നതാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ അവസ്ഥ. ഒരാളിൽ നിന്ന് രണ്ടോ മൂന്നോ പേരിലേക്ക് രോഗം പടർന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ ശരാശരി നാലായി എന്നതും ആശങ്കയേറ്റുന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാതെ നിൽക്കുന്നതും വെല്ലുവിളിയാണ്. രോഗികളുടെ എണ്ണം കൂടുമ്പോൾ സ്വാഭാവികമായും രോഗം ഗുരുതരമാകുന്നവരുടെ എണ്ണവും മരണവും കൂടിയേക്കാം. ഇപ്പോൾ തന്നെ മിക്ക ആശുപത്രികളിലും ഐ.സി.യു കിടക്കകളില്ലാത്ത സാഹചര്യമാണ് . ഗുരുതരാവസ്ഥയിൽ കൂടുതൽ രോഗികളെത്തിയാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് ആരോഗ്യവകുപ്പ് ഭയക്കുന്നുണ്ട്. അടുത്ത 10 ദിവസത്തിനിടെ രോഗികളുടെ ആകെ എണ്ണം നാല് ലക്ഷത്തിലേക്ക് എത്തുമെന്നും കരുതുന്നു. ഇത്രയും രോഗികൾ ഉണ്ടായാൽ ഐ.സി.യുകളിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന രോഗികളുടെ എണ്ണം 4000 വരെ ആകുമെന്നാണ് സൂചന.
സർക്കാർ ആശുപത്രികളിൽ കൊവിഡ്, കൊവിഡിതര രോഗികൾക്കായി 2669 ഐ.സി.യു കിടക്കകളാണുള്ളത്. സ്വകാര്യ ആശുപത്രികളിലായി 7085 ഐ.സി.യു കിടക്കകളാണുള്ളത്. സർക്കാർ,സ്വകാര്യ ആശുപത്രികളിലായി ആകെ 9735 ഐ.സി.യു ബെഡുകളാണുള്ളത്. അതിൽ 931 ബെഡുകളിൽ മാത്രമേ കൊവിഡ് രോഗികളുള്ളൂ. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ 3776 വെന്റിലേറ്ററുകളിൽ 277ലാണ് നിലവിൽ കൊവിഡ് ഒക്യുപെൻസിയുള്ളത്.
ഫസ്റ്റ് ലൈൻ,സെക്കന്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ, ഡിസ്ട്രിക്ട് കൊവിഡ് സെന്ററുകൾ എന്നിവയെല്ലാം ചേർന്ന് 2249 കേന്ദ്രങ്ങളിലായി 1,99,256 ബെഡ്ഡുകൾ സജ്ജമാണ്. 136 സ്വകാര്യ ആശുപത്രികളിലായി 5,713 ബെഡുകളും ലഭ്യമാണെന്ന് സർക്കാർ പറയുന്നു.
ആകെ ഐ.സി.യുകൾ: 9735
രോഗികൾ: 901
ഐ.സി.യു (സർക്കാർ ആശുപത്രി): 2669
ആകെ വെന്റിലേറ്ററുകൾ: 3766
രോഗികൾ: 277
വെന്റിലേറ്ററുകൾ (സർക്കാർ മേഖല): 2253