ഈ വർഷത്തെ മൂലൂർ അവാർഡ് ലഭിച്ചത് ഡി. സി ബുക്സ് പ്രസിദ്ധീകരിച്ച അസീം താന്നിമൂടിന്റെ 'മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്" എന്ന കവിതാ സമാഹാരത്തിനാണ്. അസീമിന്റെ രണ്ടാമത്തെ കവിതാ സമാഹാരമാണിത്. 'കാണാതായ വാക്കുകൾ"" ആണ് ആദ്യ സമാഹാരം. അസീം കവിതകളിലെ മൗലികത അവയുടെ ശീർഷകത്തിൽ നിന്ന് തന്നെ നമുക്ക് കണ്ടെത്താം. കാണാതായ വാക്കുകളും മരത്തിൽ മറഞ്ഞിരിക്കുന്ന വിത്തുമാണ് അദ്ദേഹം തേടുന്നത്. അത് കൊണ്ട് തന്നെ അസീമിന്റെ കവിതകൾ വാക്കുകൾക്കപ്പുറമുള്ള നിശബ്ദതയെയും പരിചിതമായ കാര്യങ്ങൾക്കുള്ളിലുള്ള ചില അപരിചിതത്വങ്ങളെയും അനുഭവിപ്പിക്കുന്നു. പുറത്തേയ്ക്കൊഴുക്കുന്ന പുഴ എന്നു പറയുന്നതിനേക്കാൾ വെയിലേറ്റ് മറയുവാൻ ഇച്ഛിക്കുന്ന പുഴ എന്ന വിശേഷണം അദ്ദേഹത്തിന്റെ രചനയ്ക്ക് കൂടുതൽ ഇണങ്ങുമെന്ന് തോന്നുന്നു. വിനിമയ ക്ഷമമല്ലാത്ത ചിലതിനെ വിനിമയപ്പെടുത്താനുള്ള സൂക്ഷ്മശ്രമമെന്ന് സജയ് കെ.വിയെ പോലുള്ള നിരൂപകർ അസീമിന്റെ എഴുത്തിനെ നോക്കിക്കാണുന്നത് അതുകൊണ്ടാവണം.
'അധികപ്പേടി" മുതൽ 'ദൈവത്തിന്റെ ഫോൺ നമ്പർ" വരെയുള്ള അറുപത്തിയഞ്ച് കവിതകളാണ് മൂലൂർ അവാർഡ് ലഭിച്ച 'മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത് 'എന്ന സമാഹാരത്തിലുള്ളത്. ഈ സമാഹാരത്തിലെ ഓരോ കവിതയും തുറന്നു തരുന്ന അനുഭവ ലോകം വ്യത്യസ്തവും പുതുമയാർന്നതുമാണ്. പുഴ, മരം, വിത്ത്, കാട്, വേനൽ, ഉറവ ,ശിശിരം എന്നിങ്ങനെ കവി വിഷയമാക്കുന്ന ഓരോന്നിലും ജീവിതപ്പകപ്പുകളുടെയും പ്രതീക്ഷകളുടേയും സമ്മിശ്രാനുഭവങ്ങളുണ്ട്. ''മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്' എന്ന കവിതയിൽ വൃക്ഷത്തെ വിത്തിലേക്ക് മടക്കി വിളിക്കാനുള്ള ഇച്ഛ പ്രകടമാകുന്നു.എന്നാൽ ഈ ഇച്ഛ മനഃപൂർവമല്ല, നിർബന്ധിതമാണ് എന്നും കൂടി ഓർക്കണം.""
''വിരിഞ്ഞിറങ്ങിയതൊന്നിനും മടങ്ങിപ്പോകാനാവില്ല"" എന്നു കവി തിരിച്ചറിയുന്നുണ്ട്.പടർന്നു പന്തലിക്കുവാനുള്ള ആശ നിറവേറ്റാനാകാതെ വരുമ്പോഴുണ്ടാകുന്ന അങ്കലാപ്പിൽ നിന്നാണ് ഈ പിൻവിളി ഉയരുന്നത്.ഇങ്ങനെ അവ്യക്തമായ അനുഭവങ്ങളെയും സൂക്ഷ്മചലനങ്ങളെയും അനലംകൃതമായ ഭാഷയിൽ അവതരിപ്പിക്കുന്നവയാണ് അസീം താന്നിമൂടിന്റെ കവിതകൾ. മെല്ലെ എഴുന്നേറ്റ് പൂത്തു നിൽക്കുന്നതാണ് അസീമിന്റെ കാവ്യാലോകം. അശാന്തമായ അസാന്നിദ്ധ്യം, കൺഫ്യൂഷൻ, അവ്യക്തത, ശിശിരം, ഉള്ളകം, ജാലകപ്പഴുത്, കടൽജലഭ്രമം തുടങ്ങി രചനയിലും അവതരണത്തിലും വ്യത്യസ്തത പുലർത്തുന്ന കവിതകളും തിടുക്കം, അമൂർത്തം, മസോക്കിസം, ഉത്തരം മുട്ടൽ, നനഞ്ഞ തൂവാല, സ്വാസ്ഥ്യം ഹൈക്കു പോലുള്ള മൈക്രോ മാനങ്ങൾ പേറുന്ന കവിതകളും ഉള്ളടങ്ങിയിട്ടുള്ള ഈ സമാഹാരം നവ്യമായൊരു വായനാനുഭവമാണ് പങ്കുവയ്ക്കുന്നത്.
(ലേഖികയുടെ ഫോൺ: 85902 16303)