vineeth

കൊല്ലം: മഹാപ്രളയത്തിന് മുന്നിൽ കേരളം വിറങ്ങലിച്ച് നിന്ന 2018ലെ മഹാപ്രളയകാലത്ത് കൈകുഞ്ഞിനെയും എടുത്ത് വെളളംകയറിയ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ഫയർഫോഴ്സ് ജീവനക്കാരന്റെ ചിത്രം മലയാളി അത്രവേഗം മറക്കില്ല. ചിത്രത്തിന് പിന്നാലെ പോയവർക്ക് അത് മൈനാഗപ്പളളി സ്വദേശി വിനീത് എന്ന ചെറുപ്പക്കാരനാണെന്ന് മനസിലായി. ആർപ്പുവിളികൾ നിലയ്‌ക്കും മുമ്പ് വിനീതിന്റെ ജീവൻ അകാലത്തിൽ പൊലിഞ്ഞ വാർത്തയാണ് ഇന്ന് മലയാളിക്ക് മുന്നിലേക്കെത്തുന്നത്.

വൈറലായ ചിത്രത്തിലെ കൈകുഞ്ഞ് ഉൾപ്പടെ അനേകം പേരെ പ്രളയത്തിൽ നിന്ന് കൈപിടിച്ചു കയറ്റിയ വിനീതിന്റെ മരണം സംഭവിച്ചത് ഇന്ന് രാവിലെയാണ്. വീട്ടിൽ നിന്ന് തിരുവല്ലയിലെ ജോലി സ്ഥലത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു അദ്ദേഹം. വിനീതിന് പിന്നാലെ വന്നിരുന്ന മിനിലോറി ബൈക്കിന് പിന്നിൽ ഇടിച്ചായിരുന്നു അപകടം.

ബൈക്കിൽ നിന്ന് തെറിച്ചുവീണ വിനീതിന്റെ ശരീരത്തിലൂടെ മിനിലോറി കയറി ഇറങ്ങി. സംഭവസ്ഥലത്ത് തന്നെ വിനീത് മരിച്ചു. 34കാരനായ വിനീതിന് ഭാര്യയും ഒരു മകളുമുണ്ട്.