ന്യൂഡൽഹി: ഫ്രാൻസിൽ നിന്നും അഞ്ചാമത് ബാച്ച് റഫാൽ വിമാനങ്ങൾ എത്തിയതോടെ ഇന്ത്യൻ വായുസേനയ്‌ക്ക് ഇനി ഇരട്ടി കരുത്ത്. ഇന്ത്യൻ ആകാശ അതിർത്തികളിൽ ചൈനയുടെയും പാകിസ്ഥാന്റെയും നിരന്തരമായ ഭീഷണികൾക്ക് വിരാമമിടാൻ കരുത്തൻ റഫാൽ വിമാനങ്ങൾക്കാകും. പുതിയ ബാച്ചിൽ എത്ര വിമാനങ്ങളാണ് എത്തിയതെന്ന് സുരക്ഷാ കാരണങ്ങളാൽ വായുസേന പറഞ്ഞിട്ടില്ല. എന്നാൽ ഇന്നെത്തിയ വിമാനങ്ങളോടെ പട്യാലയിൽ അംബാലയിൽ ആദ്യ റഫാൽ സ്‌ക്വാഡൻ പൂർത്തിയാകും. വൈകാതെ രാജ്യത്തെ രണ്ടാമത് റഫാൽ സ്‌ക്വാഡൻ പശ്‌ചിമ ബംഗാളിലെ ഹസിമാര എയർ ബേസിൽ സ്ഥാപിതമാകും. ഒരു സ്‌ക്വാഡൻ എന്നാൽ 18 യുദ്ധവിമാനങ്ങൾ ചേർന്ന യൂണിറ്റാണ്.
അഞ്ചാം ബാച്ച് റഫാൽ വിമാനങ്ങൾ ചീഫ് ഓഫ് എയർ സ്‌റ്റാഫ് എയർ ചീഫ് മാർഷൽ ആർ.കെ.എസ് ഭദൗരിയ ഫ്രാൻസിൽ വച്ച് ഫ്ളാഗോഫ് ചെയ്‌തു. 8000 കിലോമീറ്റർ നിർത്താതെ പറന്ന് വായുവിൽ വച്ചുതന്നെ ഇന്ധനം നിറച്ചാണ് ഇവ ഇന്ത്യയിലെത്തിയത്. ഫ്രാൻസിന്റെയും യുഎഇയുടെയും വായുസേനയുടെ സഹായം ഇന്ത്യയ്‌ക്ക് ലഭിച്ചു.
കഴിഞ്ഞ വർഷം ജൂലായ് 29നാണ് ആദ്യബാച്ച് റഫാൽ വിമാനങ്ങൾ ഇന്ത്യയിലെത്തിയത്. അഞ്ചെണ്ണമാണ് അന്നുവന്നത്.ഫ്രാൻസിൽ സന്ദർശനം നടത്തുന്ന വായുസേന മേധാവി ആർ.കെ.എസ് ഭദൗരിയ റഫാൽ പരിശീലന വിഭാഗത്തിൽ സന്ദർശനം നടത്തുകയാണ്. അറിയിച്ചതിലും നേരത്തെയാണ് ചില വിമാനങ്ങൾ ഇന്ത്യയിൽ എത്തിച്ചതെന്ന് ഭദൗരിയ അഭിപ്രായപ്പെട്ടു. അതിനുളള ഫ്രാൻസിനോടുളള നന്ദിയും അറിയിച്ചു.
ഫ്രാൻസുമായി 36 റഫാൽ വിമാനങ്ങൾക്കായി ഇന്ത്യ കരാറൊപ്പിട്ടത് 2016ലായിരുന്നു. 58,000 കോടി രൂപയുടെ കരാർ പ്രകാരം ഇതുവരെ 14 യുദ്ധ വിമാനങ്ങളാണ് എത്തിയത്. ഇന്ന് വന്നവ ചേർന്ന് ഒരു സ്‌ക്വാഡ്രൻ പൂർത്തിയായി.