sex

സെക്സെന്നാൽ കൂടുതൽപേർക്കും അനന്തര തലമുറയെ ജനിപ്പിക്കാനായി കിടപ്പറയുടെ ഇരുട്ടിൽ കാണിക്കുന്ന ഒരു പ്രവൃത്തിമാത്രമാണ്. അത് ശരീരത്തിനും മനസിനും ഉണ്ടാക്കുന്ന ഉന്മേഷമോ ഗുണഗണങ്ങളോ ഇവർ അറിയുന്നേ ഇല്ല. അറിയാൻ ശ്രമിക്കുന്നില്ല എന്നതാണ് സത്യം.ശാരീരികവും മാനസികവുമായ പത്ത് ഗുണങ്ങൾ സെക്സ് നൽകുന്നു എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. കാൻസർ മുതൽ ഹൃദ്‌രോഗം വരെയുള്ള അസുഖങ്ങൾ വരാനുള്ള സാദ്ധ്യത കുറയ്ക്കുന്നതിനൊപ്പം നല്ല ഉറക്കവും അതിലൂടെ മികച്ച മാനസിക ഉന്മേഷവും ലഭിക്കും.പക്ഷേ, വെറും കാട്ടിക്കൂട്ടൽമാത്രമാകരുതെന്നുമാത്രം. ആഴ്ചയിൽ കുറഞ്ഞത് രണ്ടുദിവസമെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർക്ക് മാത്രമാണ് ഈ പ്രയോജനങ്ങൾ കിട്ടുക. സെക്സിന്റെ അധികമാരും അറിയാത്ത പത്ത് ഗുണങ്ങളെക്കുറിച്ച് അറിയാം.

രോഗങ്ങളോട് കടക്കുപുറത്ത്

ലൈംഗികബന്ധം പതിവാക്കിയവരിൽ കാര്യമായ അസുഖങ്ങൾ ഉണ്ടാവില്ലെന്നാണ് വിദദ്ധരുടെ അഭിപ്രായം. ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ ശരീരത്തിലുണ്ടാവുന്ന ചില ഹോർമോണുകളാണ് ഇതിന് കാരണം. ഈ ഹോർമോണുകൾ രോഗാണുക്കളെ ശരീരത്തിനുള്ളിൽ നിന്ന് പുറന്തള്ളാൻ സഹായിക്കുന്നു.

ജനനേന്ദ്രിയങ്ങളെ സുരക്ഷിതമാക്കും

പതിവായുള്ള സെക്സ് സ്ത്രീകളുടെയും പുരുഷന്മാരുടെയും ലൈംഗികാവയവങ്ങളുടെ ശക്തിയും ആരോഗ്യവും കൂട്ടും. രതിമൂർച്ഛ ഉണ്ടാകുന്ന സമയത്ത് അവയവങ്ങളിലേക്ക് കൂടുതൽ രക്തയോട്ടമുണ്ടാകുന്നതാണ് ഇതിന് പ്രധാന കാരണം. സ്ത്രീകളെ സംബന്ധിച്ചിടത്തോളം, പതിവായുള്ള ലൈംഗികബന്ധം യോനിയിൽ ലൂബ്രിക്കേഷൻ നിലനിറുത്തുന്നതിന് സഹായിക്കുന്നതിനൊപ്പം ആ ഭാഗത്തേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാനും ഇലാസ്തികത കൂട്ടാനും സഹായിക്കുന്നു. ഇത് സെക്സ് കൂടുതൽ ആസ്വാദ്യകരമാക്കും.

കൂട്ടാം മസിലുകളുടെ ശക്തി

പെൽവിക്സ് മസിലുകളുടെ ശക്തി കുറയുന്നതും അവ വലിഞ്ഞുമുറുകുന്നതും പല സ്ത്രീകളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലൊന്നാണ്. മുപ്പതുശതമാനത്തോളം സ്ത്രീകളിൽ ഈ ആരോഗ്യ പ്രശ്നമുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇത് ഒഴിവാക്കാൻ ഉന്മേഷകരമായ ലൈംഗികബന്ധം സഹായിക്കും. രതിമൂർച്ഛ ഉണ്ടാകുമ്പോൾ ജനനേന്ദ്രിയ ഭാഗത്തെ പേശികൾ വളരെ വേഗത്തിൽ സങ്കോചിക്കുകയും വികസിക്കുകയും ചെയ്യും. ഇതാണ് മസിലുകളുടെ ശക്തികൂട്ടുന്നത്.

നോ പ്രഷർ

രക്തസമ്മർദ്ദം കുറയ്ക്കാനുള്ള കൺകണ്ട ഔഷധമാണ് സെക്സ്. സെക്സ് ചെയ്യുമ്പോൾ ലോവർ സിസ്റ്റോളിക് ബ്ലഡ് പ്രഷർ കുറയുന്നു. ചെയ്യുന്ന പ്രവൃത്തി ഏറെക്കുറെ സമാനമാണെങ്കിലും സ്വയംഭോഗത്തിൽ ഈ ഗുണം ലഭിക്കില്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

ഉറക്കം ഓടിയെത്തും

നന്നായി ഉറങ്ങാൻ സഹായിക്കുന്ന ഒന്നാണ് സെക്സ്. രതിമൂർച്ഛയുടെ ഭാഗമായി ഉണ്ടാവുന്ന പ്രോലാക്റ്റിൻ എന്ന ഹോർമോണാണ് നല്ല ഉറക്കം സമ്മാനിക്കുന്നത്. ഉറക്കഗുളികയുടെ ഗുണം ചെയ്യുന്ന ഒരു ഹോർമോൺ ആണിത്. അതുകൊണ്ടാണ് ലൈംഗികബന്ധത്തിന് ശേഷം ഇണകൾ എളുപ്പത്തിൽ ഉറക്കത്തിലേക്ക് വഴുതി വീഴുന്നത്.

ഹൃദയത്തിനും ബെസ്റ്റല്ലേ

ആരോഗ്യകരമായ ഹൃദയത്തിനും സെക്സ് ഗുണം ചെയ്യും. ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ പോലുള്ള ഹോർമോണുകളുടെ അളവ് നിയന്ത്രിക്കാൻ സാധിക്കും. ഈ ഹോർമോണുകൾ അസന്തുലിതമാകുമ്പോഴാണ് ആണ് ഹൃദ്രോഗം ഉണ്ടാവുന്നത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടും. പുരുഷന്മാരിൽ നടത്തിയ ഒരു പഠനത്തിൽ, ആഴ്ചയിൽ രണ്ടു തവണയെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 50ശതമാനം ഹൃദ്രോഗസാധ്യത കുറവാണെന്ന് കണ്ടെത്തി.

കത്തിച്ചുകളയാം കലോറി

സെക്സ് നല്ലൊരു വ്യായാമം കൂടിയാണ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും വിവിധ പേശി ഗ്രൂപ്പുകൾക്ക് വ്യായാമം നൽകുകയും ചെയ്യുന്നു, ഇതുവഴി മിനിറ്റിൽ ഏതാണ്ട് അഞ്ച് കലോറിയോളം ആണ് ഉപയോഗിക്കപ്പെടുന്നത്. അങ്ങനെ പൊണ്ണത്തടി വരാതെ കാക്കാം. സെക്സിനൊപ്പം ചിട്ടയായ വ്യായാമവും ഭക്ഷണക്രമീകരണവും കൂടിയുണ്ടെങ്കിൽ എന്നും യുവത്വമായിരിക്കും.

വേദന പമ്പകടക്കും

സെക്സ് ഒരു മികച്ച വേദനാസംഹാരിയാണ്. ശരീരം ഉത്തേജിപ്പിക്കുമ്പോൾ ആർത്തവകാലത്തെ വേദനകൾ, സന്ധിവാതം, തലവേദന പോലുള്ള വേദനകൾ കുറയ്ക്കുന്നതായി സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഒഫ് ന്യൂജേഴ്‌സിയിലെ ​ഗവേഷണത്തിൽ വ്യക്തമായി. സ്വയംഭോഗവും ഇതിന് സഹായിക്കും.

കാൻസറിനെ പേടിക്കേണ്ട

അമ്പതുകഴിഞ്ഞ പുരുഷന്മാർ നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് പ്രോസ്റ്റേറ്റ് കാൻസർ. ആരോഗ്യകരമായ സെക്സ് പ്രോസ്റ്റേറ്റ് കാൻസറിനെ തുരത്താൻ ഏറ്റവും നല്ല വഴിയാണെന്നാണ് ഗവേഷകർ പറുയന്നത്. മാസത്തിൽ 20 ൽ കൂടുതൽ തവണ സ്ഖലനം സംഭവിക്കുന്ന പുരുഷന്മാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പ്രോസ്റ്റേറ്റ് കാൻസറിനുള്ള സാധ്യതകൾ കുറവാണെന്നാണ് പഠനങ്ങൾ പറയുന്നത്.

ഉത്കണ്ഡ വിട്ടൊഴിയും

അനാവശ്യമായ ഉത്കണ്ഡയും വിഷാദവും അകറ്റാനും സെക്സ് നല്ലൊരു ഔഷധമാണ്. ഹോർമാേണുകളാണ് ഇതിന് കാരണം. സെക്സ് പതിവാക്കുന്നതോടെ മാനസികമായി ഉന്മേഷമുണ്ടാവുകയും അതിലൂടെ ഉത്കണ്ഡയും വിഷാദവും പമ്പകടക്കുകയും മനസിൽ സന്തോഷം നിറയുകയും ചെയ്യും.