narendra-modi

ന്യൂഡൽഹി: ഓക്‌‌സിജൻ വിതരണവുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങളെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഉന്നതതല യോഗം ചേർന്നു. ഓക്‌സിജന്റെ ഉത്പാദനം കൂട്ടണമെന്നും വിതരണം വേഗത്തിലാക്കണമെന്നും യോഗത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനങ്ങൾക്കുളള ഓക്‌സിജൻ വിതരണം തടസപ്പെടരുത്. റെയിൽവേ സൗകര്യം പരമാവധി ഉപയോഗിക്കുമെന്നും ടാങ്കറുകളുടെ ലഭ്യത കൂട്ടുമെന്നും മോദി വ്യക്തമാക്കി. ക്ഷാമം ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണമെന്നും പ്രധാനമന്ത്രി നിർദേശം നൽകി.

അതേസമയം, രാജ്യത്ത് വ്യാവസായിക ആവശ്യത്തിനുളള ഓക്‌സിജൻ വിതരണത്തിന് നിരോധനം ഏർപ്പെടുത്തി. സർക്കാർ ഇളവ് അനുവദിച്ച വ്യവസായത്തിന് മാത്രമേ അനുമതിയുണ്ടാകൂ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചികിത്സാ ആവശ്യത്തിനുളള ഓക്‌സിജന്റെ സുഗമമായ നീക്കത്തിന് സൗകര്യം ഒരുക്കണം. ഇങ്ങനെയുളള ഓക്‌സിജൻ വിതരണ വാഹനങ്ങൾക്ക് ഏതു സമയത്തും പ്രവേശനം അനുവദിക്കും. ഒരു നിയന്ത്രണവും ഇതിന് ബാധകമാകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

ഓക്‌സിജൻ ക്ഷാമം തുടരവെ 140 മെട്രിക് ടൺ ഓക്‌സിജൻ ഡൽഹിയ്‌ക്ക് നൽകാനുളള നീക്കവുമായി ഹരിയാന മുന്നോട്ട് നീങ്ങുകയാണ്. ഓക്‌സിജൻ വിതരണം തടസപ്പെടുത്തിയാൽ നടപടിയെടുക്കുമെന്ന് സോളിസിറ്റർ ജനറൽ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചതിന് പിന്നാലെയാണ് നടപടി. പാരിസ്ഥിതിക ചട്ടലംഘനങ്ങളെ തുടർന്ന് അടച്ചിട്ടിരുന്ന വേദാന്തയിൽ ഓക്‌സിജൻ ഉത്പാദനത്തിന് അനുമതി നൽകിയിട്ടുണ്ട്. സൗജന്യമായി ഓക്‌സിജൻ ഇവിടെ നിന്നും ലഭ്യമാകും.

ഓക്‌സിജൻ അടിയന്തരമായി ലഭ്യമാക്കണമെന്ന് ഡൽഹിയിലെ പ്രധാന ആശുപത്രികളെല്ലാം കഴിഞ്ഞ ദിവസം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചിലയിടങ്ങളിൽ എല്ലാം ഓക്‌സിജൻ എത്തിക്കാനായെങ്കിലും പലയിടങ്ങളിലും ക്ഷാമം തുടരുകയാണ്. 140 കൊവിഡ് രോഗികളുടെ ജീവൻ അപകടത്തിലാണെന്നും അടിയന്തരമായി ഓക്‌സിജൻ ലഭ്യമാക്കണമെന്നും സരോജ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി അഭ്യർത്ഥിച്ചു. നാല് ആശുപത്രികളാണ് ഇന്ന് ഓക്‌സിജൻ ക്ഷാമത്തെ കുറിച്ച് സർക്കാരിന് മുന്നറിയിപ്പ് നൽകിയത്.