navalny

ജനീവ: തടവിൽ കഴിയുന്ന റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയുടെ ആരോഗ്യനില അപകടത്തിലാണെന്നും മെച്ചപ്പെട്ട ചികിത്സ നൽകുന്നതിനായി എത്രയും വേഗം വിദേശത്തെത്തിക്കണമെന്നും ഐക്യരാഷ്ട്ര സഭ. കർശന സുരക്ഷാ സംവിധാനങ്ങളിലാണ് നവൽനിയെ ആശുപത്രിയിൽ പാർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും യു.എന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഇത് ശാരീരിക പീ‌ഡനമാണ്. നവല്‍നിയെ അദ്ദേഹത്തിന്റെ ഡോക്ടറെ കാണാനും അടിയന്തര ചികിത്സയ്ക്കായി വിദേശത്തേക്ക് പോകാനും അനുവദിക്കണമെന്ന് റഷ്യന്‍ അധികൃതരോട് ആവശ്യപ്പെടുകയാണ്. 2020 ആഗസ്റ്റില്‍ ഇത്തരത്തില്‍ ചെയ്തിരുന്നെന്നും യു.എന്‍ പറഞ്ഞു.

ജയിലിൽ നിരാഹാരമിരുന്നതിനെ തുടര്‍ന്ന് ആരോഗ്യനില മോശമായ നവല്‍നിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് റഷ്യന്‍ ജയില്‍ അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നവല്‍നിയുടെ ആരോഗ്യനില വഷളാവുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിന് പിന്നാലെ സർക്കാരിനെതിരെ വൻ പ്രതിഷേധമാണ് അന്താരാഷ്ട്ര തലത്തിൽ ഉയർന്നു വരുന്നത്.

 ആരോഗ്യനില തൃപ്തികരമെന്ന് റഷ്യ

മൂന്ന് ആഴ്ചയായി നിരാഹാര സമരമിരിക്കുന്ന നവല്‍നിയെ തടവുകാര്‍ക്കായുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് റഷ്യൻ അധികൃതര്‍ പുറത്തു വിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. വ്ളാഡിമിറിലെ പീനല്‍ കോളനിയില്‍ സ്ഥിതി ചെയ്യുന്ന ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയിരിക്കുന്നത്. നവല്‍നിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിറ്റാമിന്‍ ഗുളികകള്‍ കഴിക്കാന്‍ അദ്ദേഹം സമ്മതിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു

നവല്‍നിക്ക് വൈദ്യ സഹായം നല്‍കണമെന്ന ആവശ്യവുമായി വിവിധ പാശ്ചാത്യ നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായത്. കടുത്ത നടുവേദനയ്ക്കും കാലിലെ മരവിപ്പിനും കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും തനിക്ക് ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മാര്‍ച്ച് അവസാനത്തോടെയാണ് നവല്‍നി നിരാഹാരമിരിക്കാന്‍ തുടങ്ങിയത്.

 നവൽനി: കഥ ഇതുവരെ

2020 ആഗസ്റ്റില്‍ വിഷബാധയേറ്റതോടെയാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ കടുത്ത വിമർശകനായ നവൽനിയുടെ ആരോഗ്യ നില മോശമായത്. സംഭവത്തിന് പിന്നിൽ പുടിനാണെന്നാണ് നവൽനിയുടെ ആരോപണം.

ജര്‍മ്മനിയിൽ ചികിത്സയില്‍ കഴിയവേ പരോള്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ച് മൂന്ന് വര്‍ഷത്തേക്ക് റഷ്യന്‍ സര്‍ക്കാര്‍ നവൽനിയെ ജയിലില്‍ അടച്ചു. മോസ്‌കോയിലേക്ക് തിരികെയെത്തിയ നവല്‍നിയെ ജനുവരി 17നാണ് അറസ്റ്റ് ചെയ്തത്. നവല്‍നി വീട്ടുതടങ്കലിൽ കഴിഞ്ഞ കാലയളവ് കൂടി പരിഗണിച്ച് രണ്ട് വര്‍ഷവും എട്ട് മാസവുമായിരിക്കും അദ്ദേഹത്തിന് തടവുശിക്ഷ അനുഭവിക്കേണ്ടിവരിക.

 പ്രതിഷേധം ശക്തം

നവൽനിയെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യയിൽ ശക്തമായ ജനകീയ പ്രതിഷേധം നടക്കുന്നുണ്ട്. ഇന്നലെ മാത്രം 400 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.