delhi

ന്യൂഡൽഹി: വലിയ നഗരങ്ങളിൽ കൊവിഡ് സൃഷ്‌ടിച്ച രൂക്ഷമായ പ്രതിസന്ധി തുടരുകയാണ്. രാജ്യ തലസ്ഥാനത്തെ പല ചെറിയ ആശുപത്രികളും ഓക്‌സിജൻ ക്ഷാമവും രോഗികളെ പ്രവേശിപ്പിക്കാൻ കഴിയാത്ത കുഴപ്പങ്ങളും കാരണം വീർപ്പുമുട്ടുകയാണ്. ആശുപത്രിയിലെ സ്ഥിതി വിവരിക്കുമ്പോൾ ഡൽഹിയിലെ ശാന്തി മുകുന്ദ് ആശുപത്രി സി.ഇ.ഒ ഓക്‌സിജൻ ക്ഷാമത്തെ കുറിച്ച് വിവരിച്ച് കരഞ്ഞുപോയി. കേവലം രണ്ട് മണിക്കൂർ നേരത്തേക്കുള‌ള ഓക്‌സിജൻ മാത്രമാണ് ബാക്കിയായുള‌ളതെന്ന് ആശുപത്രി സി.ഇ. ഒ സുനിൽ സഗ്‌ഗർ അറിയിച്ചു.

ഡിസ്‌ചാർജ് ചെയ്യാൻ ആരോഗ്യമുള‌ളവരെയെല്ലാം ഡിസ്‌ചാർജ് ചെയ്യാനാണ് ഡോക്‌ടർമാരോട് പറഞ്ഞത്. നിലവിൽ രോഗികൾക്ക് മിതപ്പെടുത്തി മാത്രമേ ഓക്‌സിജൻ നൽകാനാകുന്നുള‌ളൂ. '110 രോഗികളാണ് ഓക്‌സിജൻ സഹായത്തോടെ ചികിത്സ തുടരുന്നത്. ഇതിൽ 12 പേർ വെന്റിലേ‌റ്ററിലാണ്. 5 ലി‌റ്റർ ഓക്‌സിജൻ നൽകേണ്ട രോഗികൾ 85 ആണ്. കൊവിഡ് രോഗികൾക്ക് പുറമേ ക്യാൻസർ രോഗികളും ഹൃദ്യോഗികളുമെല്ലാമുണ്ട് ഓക്‌സിജൻ വേണ്ടവർ. ഇവരുടെയെല്ലാം ജീവൻ നിലനിർത്താൻ ബാദ്ധ്യസ്ഥരാണ് ഞങ്ങൾ ഡോക്‌‌ടർമാർ. പക്ഷെ ആ ഞങ്ങൾക്ക് ഇവിടെ അതിന് കഴിയാത്തത് വലിയ നിർഭാഗ്യമാണ്.' ഡോ. സുനിൽ സഗ്‌ഗർ കണ്ണീരോടെ പറയുന്നു.

700 മെട്രിക് ടൺ ഓക്‌സിജനാണ് ഡൽഹിയിൽ പ്രതിദിനം വേണ്ടത്. 378 മെട്രിക് ടണ്ണാണ് ഇപ്പോൾ നൽകുന്നത്. ഇത് 480 മെട്രിക് ടണ്ണായി കേന്ദ്രം വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ പല ആശുപത്രികളും സർക്കാരിൽ നിന്ന് പേരിനുപോലും ഒരു സഹായവും ലഭിക്കുന്നില്ലെന്ന് പരാതിപ്പെടുന്നുണ്ട്. ഡൽഹി സർക്കാർ നടത്തുന്ന രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലി‌റ്റി ആശുപത്രിയിൽ രണ്ടര മണിക്കൂറത്തേക്കുള‌ള ഓക്‌സിജൻ മാത്രമാണുള‌ളത്. ഇവിടെ 900 രോഗികളാണുള‌ളത്.

#WATCH | Sunil Saggar, CEO, Shanti Mukand Hospital, Delhi breaks down as he speaks about Oxygen crisis at hospital. Says "...We're hardly left with any oxygen. We've requested doctors to discharge patients, whoever can be discharged...It (Oxygen) may last for 2 hrs or something." pic.twitter.com/U7IDvW4tMG

— ANI (@ANI) April 22, 2021

സരോജ് ആശുപത്രിയിൽ ഓക്‌സിജൻ സ്‌റ്റോക് രണ്ട് മണിക്കൂറത്തേക്ക് മാത്രമാണുള‌ളത്. ഓക്‌സിജൻ വിതരണത്തിന് കോടതിയുടെ സഹായം തേടിയത് സരോജ് ആശുപത്രിയാണ്. 70 ശതമാനം രോഗികൾക്കും ഓക്‌സിജൻ ആവശ്യമാണെന്ന് കാട്ടി ഡൽഹി ഹൈക്കോടതിയിലാണ് ആശുപത്രി അധികൃതർ ഹർജി നൽകിയത്.