death

വാഷിംഗ്ടൺ: അമേരിക്കയിൽ ആഫ്രോ - അമേരിക്കൻ വംശജയായ 16 കാരിയെ പൊലീസ് വെടിവച്ച് കൊന്നു. കൊളംബസ് സ്വദേശിയായ മഖിയ ബ്രയാന്‍റാണ് കൊല്ലപ്പെട്ടത്. ജോർജ് ഫ്ലോയിഡ് കേസിൽ വിധി വരുന്നതിന് തൊട്ടു മുൻപായിരുന്നു സംഭവം നടന്നത്. കത്തി ഉപയോഗിച്ച് ഒരാളെ ആക്രമിക്കാൻ ശ്രമിച്ച മഖിയയെ പൊലീസ് വെടിവയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വീടിന് പുറത്ത് നിൽക്കുന്ന പെൺകുട്ടികളുമായി കൈയ്യിൽ കത്തിയുമായി മഖിയ വാക്കുതർക്കത്തിൽ ഏർപ്പെടുന്നതും ഒരാളെ ചവുട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. ഒരു പെൺകുട്ടി തങ്ങളെ കുത്തിക്കൊല്ലാന്‍ ശ്രമിക്കുന്നു എന്ന പരാതിയെത്തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി നഗരത്തിന്റെ തെക്കു കിഴക്കന്‍ ഭാഗത്തെത്തിയ ഒഹിയോ കുറ്റാന്വേഷക വിഭാഗമാണ് മഖിയയ്ക്ക് നേരെ വെടിയുതിര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ മഖിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

മഖിയയെ വെടിവച്ച പൊലീസ് ഉദ്യോഗസ്ഥനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ അധികൃതർ നിർദ്ദേശിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പെൺകുട്ടികളിൽ ഒരാളുടെ ജീവൻ രക്ഷിക്കാനാണ് ഉദ്യോഗസ്ഥൻ വെടിയുതിർത്തതെന്ന് അധികൃതർ പറയുന്നു.അതേസമയം, സംഭവത്തിന് ശേഷം മഖിയയുടെ അമ്മായി പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് രംഗത്തെത്തി. മഖിയ സ്വയം പ്രതിരോധിക്കുകയായിരുന്നെന്നും അവൾ തെറ്റൊന്നും ചെയ്തില്ലെന്നും അവർ പറഞ്ഞു.