morgan

മുംബയ് : ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർകിംഗ്സിനെതിരായ തോറ്റ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്ടൻ ഇയോൻ മോർഗന് കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ 12 ലക്ഷം രൂപ പിഴ ശിക്ഷ.

ഐ.പി.എൽ പതിനാലാം സീസണിൽ കുറഞ്ഞ ഓവർ നിരക്കിന് ശിക്ഷിക്കപ്പെടുന്ന മൂന്നാമത്തെ ക്യാപ്ടനാണ് മോർഗൻ. നേരത്തെ മുംബയ് ഇന്ത്യൻസ് ക്യാപ്ടൻ രോഹിത് ശർമയ്ക്കും ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്ടൻ ധോണിക്കും 12 ലക്ഷം രൂപ വീതം പിഴ വിധിച്ചിരുന്നു.

ചെന്നൈ ബാറ്റ്‌സ്മാൻമാരുടെ വെടിക്കെട്ട് പ്രകടനത്തിനിടെ ബൗളിംഗ് കോമ്പിനേഷൻ നിർണയിക്കുന്നതിനും ഫീൽഡ് സെറ്റ് ചെയ്യുന്നതിനുമായി ആവശ്യത്തിലേറെ സമയം മോർഗൻ എടുത്തു. ഇതോടെ 90 മിനുട്ടിനുള്ളിൽ ഇന്നിംഗ്സ് പൂർത്തിയാക്കാൻ സാധിക്കാതെ വന്നതോടെയാണ് പിഴ ലഭിച്ചത്.

ഇനിയും മോർഗൻകുറ്റം ആവർത്തിച്ചാൽ 24 ലക്ഷം രൂപയാകും പിഴ. സഹതാരങ്ങളും മാച്ച് ഫീയുടെ 25 ശതമാനം പിഴയായി നൽകേണ്ടി വരും. മൂന്നാം തവണയും ആവർത്തിച്ചാൽ ക്യാപ്ടന് 30 ലക്ഷം രൂപ പിഴയും ഒരു മത്സരത്തിൽ വിലക്കും നേരിടേണ്ടി വരും.