tottenham

ലണ്ടൻ : പ്രിമിയർ ലീഗിലെ പ്രായം കുറഞ്ഞ കോച്ചായി അരങ്ങേറിയ റയാൻ മേസന് വിജയത്തുടക്കം നൽകി ടോട്ടൻഹാം താരങ്ങൾ.കഴിഞ്ഞ രാത്രി ഇംഗ്ളീഷ് പ്രിമിയർ ലീഗ് മത്സരത്തിൽ സതാംപ്ടണിനെതിരെയായിരുന്നു 29കാരനായ മേസന്റെ അരങ്ങേറ്റം. പുറത്താക്കപ്പെട്ട ഹൊസെ മൗറീന്യോയ്ക്ക് പകരമാണ് മേസനെ കോച്ചിന്റെ താത്കാലിക ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ഒന്നിനെതിരെ രണ്ടുഗോളുകൾക്കായിരുന്നു ടോട്ടൻഹാമിന്റെ വിജയം.

ഇൻജുറി ടൈമിലെ പെനാൽറ്റിയിലൂടെയാണ് ടോട്ടൻഹാം സതാംപ്ടണിനെ തോൽപ്പിച്ചത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഡാനി ഇംഗ്സിന്റെ ഗോളിൽ സതാംപ്ടൺ ലീഡെടുത്തു. എന്നാൽ രണ്ടാം പകുതിയിൽ ഗാരെത് ബെയ്‌ലിന്റെ ഗോളിലൂടെ സമനില കണ്ടെത്തിയ ടോട്ടൻഹാം ഇൻജുറി ടൈമിൽ ലഭിച്ച പെനാൽറ്റി ഗോളിലൂടെ മത്സരത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു. സെർജിയോ റെഗുലിനെ മൗസ യെനെപ്പ് ഫൗള്‍ ചെയ്തതിനായിരുന്നു റഫറി പെനാൽറ്റി വിധിച്ചത്. ഈ പെനാൽറ്റി സൺ ഹ്യൂംഗ് മിന്നാണ് ലക്ഷ്യത്തിലെത്തിച്ചത്.

സിറ്റി കിരീടത്തിലേക്ക്

കഴിഞ്ഞ രാത്രി ആസ്റ്റൺ വില്ലയെ ഒന്നിനെതിരേ രണ്ട് ഗോളിന് തോൽപ്പിച്ച മാഞ്ചസ്റ്റർ സിറ്റി ഇംഗ്ളീഷ് പ്രിമിയർ ലീഗ് കിരീടത്തോട് കൂടുതൽ അടുത്തു. ആദ്യ മിനിട്ടിൽ തന്നെ ഗോൾ വഴങ്ങുകയും തുടർന്ന് പത്ത് പേരായി ചുരുങ്ങുകയും ചെയ്തിട്ടും പൊരുതി വിജയം നേടുകയായിരുന്നു മാഞ്ചസ്റ്റർ സിറ്റി.

മത്സരത്തിന്റെ 20-ാം സെക്കൻഡിൽ ജോൺ മാക്ഗിന്നിന്റെ ഗോളിൽ ആസ്റ്റൺ വില്ല ലീഡെടുത്തിരുന്നു. എന്നാൽ 22-ാം മിനിട്ടിൽ ഫിൽ ഫോഡനിലൂടെ സമനില ഗോൾ കണ്ടെത്തിയ സിറ്റി ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പുതന്നെ റോഡ്രിഗോയിലൂടെ ലീഡും സ്വന്തമാക്കി.

ആദ്യ പകുതിയുടെ അവസാന മിനിട്ടിൽ ജോൺസ്‌റ്റോൺസും രണ്ടാം പകുതിയിൽ ആസ്റ്റൺ വില്ല താരം മാറ്റി ക്യാഷും ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ഇരുടീമുകളും പത്തു പേരുമായാണ് മത്സരം പൂര്‍ത്തിയാക്കിയത്.