ന്യൂഡൽഹി: മറ്റൊരു സ്ത്രീയുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവിനെ കഞ്ചാവ് കേസിൽ കുടുക്കി ഭാര്യ. യു.പി. സ്വദേശിനിയാണ് ഓട്ടോ ഡ്രൈവറായ ഭർത്താവിന്റെ വാഹനത്തിൽ കഞ്ചാവ് ഒളിപ്പിച്ച് വച്ച് കേസിൽ കുടുക്കിയത്. അന്വേഷണത്തിൽ സത്യം തെളിഞ്ഞതോടെ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഫരീദാബാദ് എസ്.ജി.എം നഗറിലാണ് യുവതിയും ഭർത്താവായ ഓട്ടോ ഡ്രൈവറും താമസിക്കുന്നത്. ജോലി കഴിഞ്ഞതിന് ശേഷം ഭർത്താവ് എല്ലാ ദിവസവും രാത്രിയിലാണ് വീട്ടിലെത്തിയിരുന്നത്. അടുത്തിടെയായി ചില ദിവസങ്ങളിൽ ഭർത്താവ് രാത്രിയിലും വീട്ടിൽ വന്നിരുന്നില്ല. ഇതോടെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് യുവതി സംശയിച്ചു. ഇക്കാര്യത്തെച്ചൊല്ലി ദമ്പതിമാർ തമ്മിൽ വഴക്കുണ്ടായി. ഇതിന് പിന്നാലെയാണ് ഭർത്താവിനോട് പ്രതികാരം ചെയ്യാൻ യുവതി തീരുമാനിച്ചത്.
ഭർത്താവിന്റെ ഓട്ടോറിക്ഷയിൽ കഞ്ചാവ് ഒളിപ്പിച്ച് പൊലീസ് കേസിൽ കുടുക്കി ജയിലിലാക്കാനായിരുന്നു യുവതിയുടെ നീക്കം. ഇതിനായി ഡൽഹിയിലെത്തിയ യുവതി പവൻ എന്നയാളിൽനിന്നും 700 ഗ്രാം കഞ്ചാവ് വാങ്ങി. ഈ കഞ്ചാവുപൊതി ഭർത്താവ് അറിയാതെ അദ്ദേഹത്തിന്റെ ഓട്ടോറിക്ഷയിൽ ഒളിപ്പിച്ചുവച്ചു. പിന്നീട് പൊലീസിനെ വിളിച്ച് ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം അറിയിച്ചു.
ഓട്ടോ ഡ്രൈവറായ ഭർത്താവിനെ പൊലീസ് പിടികൂടിയെങ്കിലും വിശദമായ അന്വേഷണത്തിൽ സത്യം പുറത്തുവന്നു. തുടർന്ന് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് കഞ്ചാവ് നൽകിയ പവൻ എന്നയാൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.