ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ നിലവിലെ സാഹചര്യവും പ്രതിരോധ നടപടികളും വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നാളെ ഉന്നതതല യോഗം വിളിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നരേന്ദ്ര മോദി നാളെ നടത്താനിരുന്ന പശ്ചിമ ബംഗാൾ സന്ദർശനവും റദ്ദാക്കിയിട്ടുണ്ട്.
കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി നാളെ ഉന്നതതല യോഗങ്ങളിൽ പങ്കെടുക്കുമെന്നും അതിനാൽ പശ്ചിമ ബംഗാളിലേക്ക് പോകില്ലെന്നും മോദി ട്വിറ്ററിലൂടെ വ്യക്തമാക്കി. മാൽഡ, മുർഷിദാബാദ്, കൊൽക്കത്ത, ബോൽപുർ എന്നിവിടങ്ങളിലാണ് നാളെ പ്രധാനമന്ത്രിയുടെ റാലി നിശ്ചയിച്ചിരുന്നത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് 500ൽ താഴെ മാത്രം ആളുകൾ പങ്കെടുക്കുന്ന വിധത്തിലാണ് പരിപാടികൾ ക്രമീകരിച്ചിരുന്നത്. ഉന്നതതല യോഗത്തിന്റെ ഭാഗമായി നാളെ ഡൽഹിയിൽ തന്നെയുണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു ഇതാദ്യമായാണ് പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി പ്രധാനമന്ത്രി റദ്ദാക്കുന്നത്.
അതേസമയം, ഒരു ദിവസം രാജ്യത്ത് മൂന്നു ലക്ഷത്തിലധികം കൊവിഡ് കേസുകൾ ഇതാദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ലോകത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനവാണ് ഇത്. 24 മണിക്കൂറിനിടെ 3,14,835 കേസുകളാണ് സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാം ദിവസവും മരണം രണ്ടായിരം കടന്നു. പോസിറ്റിവിറ്റി നിരക്ക് 19 ശതമാനത്തിലേക്ക് ഉയർന്നു.