
ദുബായ്/ ക്വലാലംപൂർ: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് യു.എ.ഇയും സിംഗപ്പൂരും യാത്രാവിലക്ക് ഏർപ്പെടുത്തി. യു.എ.ഇയിൽ നാളെ മുതൽ 10 ദിവസത്തേക്കാണ് വിലക്ക്. കഴിഞ്ഞ 14 ദിവസം ഇന്ത്യയിൽ തങ്ങുകയോ ഇതുവഴി ട്രാൻസിറ്റ് ചെയ്യുകയോ ചെയ്‌ത യാത്രക്കാരെയും രാജ്യത്തേക്കു വരാൻ അനുവദിക്കില്ല. വിമാനക്കമ്പനികൾക്ക് ഇതു സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പു വരെ ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാർക്ക് സിംഗപ്പൂർ നിർദ്ദേശം നൽകിയിട്ടുണ്ട്. ദീർഘകാല വിസയുള്ളവർക്കും സന്ദർശകർക്കും വിലക്ക് ബാധകമാണ്.
നേപ്പാൾ വഴി പോകാം;
എൻ.ഒ.സി വേണ്ട
ന്യൂഡൽഹി: ഇന്ത്യൻ പാസ്‌പോർട്ടും ഇമിഗ്രേഷൻ ക്ലിയറൻസുമായി എത്തുന്നവർക്ക് നേപ്പാൾ വഴി വിമാനത്തിൽ മറ്റു രാജ്യങ്ങളിലേക്കു പോകാൻ ഇന്നു മുതൽ ജൂൺ 19 വരെ എൻ.ഒ.സി ഒഴിവാക്കിയതായി നേപ്പാളിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. കാഠ്മണ്ഡു ത്രിഭുവൻ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ അധികൃതർ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു നൽകും. എന്നാൽ പാസ്‌പോർട്ട് അല്ലാതെ, മറ്റ് തിരിച്ചറിയൽ രേഖകളുമായി നേപ്പാൾ വഴി മറ്റു രാജ്യങ്ങളിലേക്കു പോകാൻ എൻ.ഒ.സി വേണം.