missile

ജറുസലേം: തങ്ങളെ ലക്ഷ്യമാക്കി സിറിയയിൽ നിന്ന് മിസൈൽ വിക്ഷേപിച്ചെന്ന്​ ഇസ്രയേൽ. ഇന്നലെ പുലർച്ചെയാണ് സംഭവം നടന്നത്. നാശനഷ്ടമില്ലെന്നും വ്യോമ പ്രതിരോധ സംവിധാനം വിന്യസിച്ചിരുന്നുവെന്നും ഇസ്രയേൽ അറിയിച്ചു. എന്നാൽ അതീവ രഹസ്യ ആണവ കേന്ദ്രത്തിനു സമീപം സൈറൺ മുഴങ്ങിയെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.ഇസ്രയേലിന്റെ ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്ന ദിമോണ നഗരത്തിനു കിലോമീറ്ററുകൾ മാത്രം അകലെയുള്ള അബു ക്രിനാത്ത് ഗ്രാമത്തിൽ സ്ഥാപിച്ച സൈറണുകളാണ് ശബ്ദിച്ചത്. തിരിച്ചടിയായി സിറിയയുടെ മിസൈൽ ലോഞ്ചറും വ്യോമ പ്രതിരോധ സംവിധാനവും ഇസ്രയേൽ തകർത്തു. ഡമാസ്കസിനു സമീപം ഇസ്രയേൽ വ്യോമാക്രമണത്തിൽ നാലു സൈനികർക്കു പരുക്കേറ്റതായി സിറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസി സന റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഇറാന് പങ്കുണ്ടെന്ന് ഇസ്രയേൽ ആരോപിച്ചു. തങ്ങളുടെ ആണവ കേന്ദ്രങ്ങളിലും സൈനിക നേതൃത്വത്തിനും നേർക്ക് ഇസ്രയേൽ നിരന്തരം നടത്തുന്ന ആക്രമണത്തിന് ഇറാൻ തിരിച്ചടി നൽകിയതാകാമെന്ന് അന്താരാഷ്​ട്ര വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ,​ ഇക്കാര്യത്തിൽ ഇറാൻ പ്രതികരിച്ചിട്ടില്ല.