ഹൈദരാബാദ്: റിസർവ് ബാങ്ക് മുൻ ഗവർണറും ബാങ്കിംഗ് മേഖലയിലെ പരിഷ്‌കാരങ്ങളുടെ പിതാവുമായിരുന്ന എം. നരസിംഹൻ കൊവിഡ് ബാധിച്ചു മരിച്ചു. 94 വയസായിരുന്നു.
1977 മേയ് മുതൽ നവംബർ വരെ 7 മാസം അധികാരത്തിലിരുന്ന നരസിംഹൻ, റിസർവ് ബാങ്ക് കേഡറിൽ നിന്നുള്ള ഏക ഗവർണറാണ്.
റിസർവ് ബാങ്കിന്റെ ഇക്കണോമിക് ഡിപ്പാർട്ട്മെന്റിൽ റിസർച്ച് ഓഫീസറായി സർവീസ് തുടങ്ങിയ അദ്ദേഹം കേന്ദ്ര സർക്കാരിന്റെ സാമ്പത്തികകാര്യ വകുപ്പിൽ അഡീഷണൽ സെക്രട്ടറി ആയിരിക്കുമ്പോഴാണ് ഗവർണറായി നിയമിക്കപ്പെട്ടത്.
ലോകബാങ്കിലും രാജ്യാന്തര നാണ്യനിധിയിലും ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. കേന്ദ്ര ധനകാര്യ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ബാങ്കിംഗ് മേഖലയിലെ ഒട്ടേറെ പരിഷ്‌കാരങ്ങൾക്ക് വഴിയൊരുക്കിയ 2 സമിതികളുടെ (1991, 1997 നരസിംഹൻ കമ്മിറ്റികൾ) അദ്ധ്യക്ഷനായിരുന്നു.