തിരുവനന്തപുരം : ഓൺലൈൻ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ വാക്സിനേഷൻ കേന്ദ്രങ്ങളിൽ പോയി വാക്സിനെടുക്കാൻ കഴിയൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതേസമയം നിലവിൽ സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്തിയവർക്ക് വാക്സിൻ നൽകുന്നതിന് സൗകര്യമേർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാമത്തെ ഡോസ് എടുക്കാനെത്തുന്നവർക്കും ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാണ്. വാക്സിന്റെ ലഭ്യത അടിസ്ഥാനമാക്കി വാക്സിനേഷൻ സെഷനുകൾ ക്രമീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
18 മുതൽ 45 വയസ് വരെയുള്ളവർക്ക് ഒന്നാം തീയതി മുതൽ വാക്സിൻ കൊടുക്കും എന്നാണ് കേന്ദ്രസർക്കാർ പറഞ്ഞിട്ടുള്ളത്. ഈ ഗണത്തിൽ 1.65 കോടി പേർ സംസ്ഥാനത്ത് വരും. അതിനാൽത്തന്നെ വാക്സിൻ നൽകുന്നതിൽ ക്രമീകരണം കൊണ്ടുവരേണ്ടിവരും. അനാവശ്യ ആശയക്കുഴപ്പം ഒഴിവാക്കാൻ കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടാക്കും. രണ്ടോ മൂന്നോ ഘട്ടമായി വാക്സിൻ നൽകാനാണ് ഉദ്ദേശിക്കുന്നത്. അസുഖമുള്ളവരാണെങ്കിൽ അവർക്ക് മുൻഗണന നൽകും. ഇക്കാര്യം പഠിച്ച് ഉടൻതന്നെ മാനദണ്ഡം ഉണ്ടാക്കാൻ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തി.
വാക്സിൻ ലഭ്യമാക്കാൻ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ പെട്ടെന്നു തന്നെ തീരുമാനം സംസ്ഥാനം പ്രതീക്ഷിക്കുകയാണ്. പക്ഷെ കേന്ദ്രത്തിൽനിന്ന് കിട്ടുന്നതിനു മാത്രമായി കാത്തുനിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. .