 പാലത്തിൽ നിന്നു കായലിൽ ചാടിയ യുവതി മരിച്ചു

 പാലത്തിനു സമീപം അജ്ഞാത മൃതദേഹം

 യുവാവിന്റെ ബെെക്ക് പാലത്തിൽ ഉപേക്ഷിച്ച നിലയിൽ

കൊച്ചി / വൈപ്പിൻ: കൊവിഡ് ബാധിച്ച മദ്ധ്യവയസ്‌കനെ ഗോശ്രീ പാലത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം നീക്കം ചെയ്യുന്നതിനിടെ കരഞ്ഞുകൊണ്ട് പാലത്തിൽ നിന്ന് കായലിൽ ചാടിയ യുവതി മരിച്ചു. ഇന്നലെ പാലത്തിനു സമീപം ഒരു അജ്ഞാത മൃതദേഹവും കണ്ടെത്തി. ഗോശ്രീ രണ്ടാം പാലത്തിൽ എടവനക്കാട് സ്വദേശിയായ യുവാവിന്റെ ബെെക്കും മറ്റും ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. കായലിൽ ചാടിയതാകാമെന്ന് സംശയിക്കുന്നു.

മുളവുകാട് തട്ടാംപറമ്പിൽ വിജയനെയാണ് (62) ഇന്നലെ 12.30ഓടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിജയന്റെ മൃതദേഹം നീക്കവേയാണ് പള്ളിപ്പുറം വലിയവീട്ടിൽ നെൽസന്റെ മകൾ ബ്രിയോണ മരിയ (26) രണ്ടാം പാലത്തിന് സമീപത്തു നിന്ന് കായലിലേക്ക് ചാടിയത്. ബ്രിയോണയെ മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടു പോകവേ മരിച്ചു.

ഓട്ടോ ഡ്രൈറായിരുന്ന വിജയന് ബുധനാഴ്ചയാണ് കൊവിഡ് പോസിറ്റീവായത്. റിസൾട്ട് വന്ന ശേഷം ഇയാളെ കാണാനില്ലായിരുന്നു. ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പാലത്തിന് സമീപം നാഷണൽ പെർമിറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തെ ജോലിക്കാരാണ് മൃതദേഹം കണ്ടത്.
കൊവിഡ് സ്ഥിരീകരിച്ചതിന്റെ വിഷമത്തിൽ ആത്മഹത്യ ചെയ്തതാവാമെന്ന് പൊലീസ് പറഞ്ഞു. വിജയന്റെ ഭാര്യ സുമ ആശാവർക്കറാണ്. മക്കൾ: വിപിൻ, ഷിനി.

ബ്രിയോണ രാവിലെ വീട്ടിൽ നിന്ന് ഇന്റർവ്യൂവിനെന്ന് പറഞ്ഞ് ഇറങ്ങിയതാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. സംസ്‌കാരം നടത്തി. മാതാവ്: ലൈസ. സഹോദരങ്ങൾ: ബ്രോമിൽ, ബിന്റ.

ഇന്നലെ രാവിലെ തന്നെയാണ് പാലത്തിന് സമീപം ഡി. പി. വേൾഡിനോട് ചേർന്ന് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് മുളവുകാട് പൊലീസ് പറഞ്ഞു.

എടവനക്കാട് നിന്ന് കാണാതായ അജീഷിന്റെ (25) സ്‌കൂട്ടറും മൊബൈൽ ഫോണുമാണ് രണ്ടാം പാലത്തിൽ കണ്ടെത്തിയത്. കണ്ണാട്ടു പാടത്ത് പരേതനായ അയ്യപ്പന്റെ മകനാണ്. അമ്മ പ്രസന്ന ഞാറക്കൽ പൊലീസിൽ നൽകിയ പരാതിയിൽ ആളെ കാണാതായതിനു കേസെടുത്തിട്ടുണ്ട്.