ipl-devduth-century

രാജസ്ഥാൻ റോയൽസിനെ പത്തുവിക്കറ്റിന് തോൽപ്പിച്ച് ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ്

ദേവ്ദത്ത് പടിക്കലിന് സെഞ്ച്വറി(101*),കൊഹ്‌ലിക്ക് അർദ്ധസെഞ്ച്വറി (72*)

മുംബയ് : മലയാളി താരം സഞ്ജു സാംസൺ നയിച്ച രാജസ്ഥാൻ റോയൽസിനെ മറുനാടൻ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ സെഞ്ച്വറി (101*)മികവിൽ കീഴടക്കി ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ് വീണ്ടും ഐ.പി.എൽ പോയിന്റ് പട്ടികയിൽ ഒന്നാമതായി.ഇന്നലെ രാജസ്ഥാൻ ഉയർത്തിയ 177/9 എന്ന സ്കോർ 16.3ഓവറിൽ ഒറ്റ വിക്കറ്റുപോലും നഷ്ടപ്പെടുത്താതെ മറികടക്കുകയായിരുന്നു ബാംഗ്ളൂർ. സീസണിൽ ബാംഗ്ളൂരിന്റെ തുടർച്ചയായ നാലാം വിജയമായിരുന്നു ഇത്.

ഈ സീസണിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് ഇന്നലെ ദേവ്ദത്തും കൊഹ്‌ലിയും കൂട്ടിച്ചേർത്ത 181 റൺസ്. 52 പന്തുകളിൽ 11 ഫോറുകളും ആറ് സിക്സുകളും പറത്തിയാണ് ദേവ്ദത്ത് സെഞ്ച്വറിയിലേക്ക് എത്തിയത്. കൊഹ്‌ലി 47 പന്തുകളിൽ ആറു ഫോറും മൂന്ന് സിക്സുമടക്കമാണ് 72 റൺസ് നേടിയത്.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസ് തുടക്കത്തിലെ തകർച്ചയെ അതിജീവിച്ചാണ് 177/9 എന്ന സ്കോറിലെത്തിയത്.ശിവം ദുബെ (46),രാഹുൽ തെവാത്തിയ (40),റയാൻ പരാഗ് (25), സഞ്ജു സാംസൺ (21) എന്നിവർ നടത്തിയ പോരാട്ടമാണ് 18/3 എന്ന നിലയിൽ നിന്ന് രാജസ്ഥാനെ കരകയറ്റിയത്.

ബട്ട്‌ലറും(8)മനൻ വോറയും(7) ചേർന്നാണ് രാജസ്ഥാന് വേണ്ടി ഓപ്പണിംഗിനെത്തിയത്. മൂന്നാം ഓവറിൽത്തന്നെ ബട്ട്‌ലർക്ക് മടങ്ങേണ്ടിവന്നു.എട്ടുപന്തുകൾ നേരിട്ട ബട്ട്ലറെ സിറാജ് ക്ളീൻ ബൗൾഡാക്കുകയായിരുന്നു. അടുത്ത ഓവറിൽ കൈൽ ജാമീസൺ വോറയെയും തിരിച്ചയച്ചു.അഞ്ചാം ഓവറിൽ സിറാജ് മില്ലറെ ഡക്കാക്കിയതോടെയാണ് രാജസ്ഥാൻ 18/3 എന്ന നിലയിലായത്.

തുടർന്ന് ക്രീസിൽ ഒരുമിച്ച സഞ്ജുവും ശിവം ദുബെയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ 18 പന്തുകളിൽ രണ്ട് ഫോറും ഒരു സിക്സും പറത്തിയ സഞ്ജുവിന് ടീം സ്കോർ 43-ൽ വച്ച് മടങ്ങേണ്ടിവന്നു. വാഷിംഗ്ടൺ സുന്ദറിന്റെ പന്തിൽ മാക്സ്‌വെല്ലിന് ക്യാച്ച് നൽകിയാണ് സഞ്ജു കൂടാരം കയറിയത്. പകരമിറങ്ങിയ റയാൻ പരാഗ് ദുബെയ്ക്ക് പിന്തുണ നൽകിയതോടെ ടീം 100 കടന്നു.

14-ാം ഓവറിൽ ടീം സ്കോർ 109ൽ നിൽക്കവേയാണ് പരാഗ് മടങ്ങുന്നത്.ഹർഷൽ പട്ടേലിനായിരുന്നു വിക്കറ്റ്.133ൽ എത്തിയപ്പോൾ ദുബെയെ റിച്ചാർഡ്സൺ തിരിച്ചയച്ചു.32 പന്തുകളിൽ അഞ്ചു ഫോറും രണ്ട് സിക്സുമടക്കമാണ് ദുബെ രാജസ്ഥാന്റെ ടോപ് സ്കോററായി മാറിയത്. തുടർന്ന് നാലു ഫോറും രണ്ട് സിക്സുകളുമായി വീശിയടിച്ച തെവാത്തിയ 19-ാം ഓവറിൽ 170ലെത്തിച്ച ശേഷം മടങ്ങി. അവസാന ഓവറിൽ ക്രിസ് മോറിസിനെയും (10),ചേതൻ സകാരിയയെയും (0) കൂടി നഷ്ടമായി.

ബാംഗ്ളൂരിനായി സിറാജും ഹർഷൽ പട്ടേലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.ജാമീസണിനും റിച്ചാർഡ്സണിനും വാഷിംഗ്ടണിനും ഓരോ വിക്കറ്റ് ലഭിച്ചു.

ഇന്നത്തെ മത്സരം

പഞ്ചാബ് കിംഗ്സ് Vs മുംബയ് ഇന്ത്യൻസ്

രാത്രി 7.30 മുതൽ