സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കൊവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ പരിഹാസത്തോടെ പ്രതികരിച്ച് ബിഹാറിലെ ബിജെപി ഉപാദ്ധ്യക്ഷനും മുൻ എംഎൽഎയുമായ മിഥിലേഷ് കുമാർ തിവാരി. ചൈനയെ പിന്തുണയ്ക്കുന്ന യെച്ചൂരിയുടെ മകന്‍ ആശിഷ് ചൈനീസ് വൈറസ് ബാധിച്ച് മരിച്ചു എന്നായിരുന്നു മരണത്തെ പോലും പരിഹസിച്ചുകൊണ്ട് തന്റെ ട്വിറ്റർ അക്കൗണ്ട് വഴി തിവാരി കുറിച്ചത്. എന്നാൽ ഇത് വൻ വിവാദം ക്ഷണിച്ചുവരുത്തിയതോടെ ഇദ്ദേഹം തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.
ബിജെപി നേതാവിന്റെ ഈ തരംതാണ ട്വീറ്റിനെതിരെ ജമ്മുകശ്മീര്‍ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, നടി സ്വര ഭാസ്‌കര്‍ തുടങ്ങിയവര്‍ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഒരു വ്യക്തിയുടെ മകന്റെ മരണത്തില്‍ സന്തോഷിക്കാന്‍ ഒരു പ്രത്യേക വിഭാഗം ആളുകൾക്കാണ് കഴിയുകയെന്നും പാമ്പിന് പോലും താഴെ പോകാന്‍ കഴിയാത്ത വിധം താഴ്ന്ന നിലവാരത്തില്‍ സഞ്ചരിക്കാന്‍ ബിജെപിയിലുള്ള ഒരാള്‍ക്കേ സാധിക്കൂയെ എന്നുമാണ് ഒമർ അബ്‌ദുള്ള സംഭവത്തെ കുറിച്ച് പ്രതികരിച്ചത്.
എന്നാൽ തന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും മരണത്തെ പരിഹസിക്കുന്ന ട്വീറ്റ് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അത് ഡിലീറ്റ് ചെയ്തുവെന്നുമാണ് തിവാരി ട്വിറ്റർവഴി തന്നെ അറിയിച്ചിരിക്കുന്നത്. ഒരാളുടെ മരണത്തിനിടെ തരംതാണ രാഷ്ട്രീയം നിന്ദ്യമാണെന്നും ബിജെപി നേതാവ് പറയുന്നുണ്ട്. കൊവിഡ് ബാധിച്ച് ഇന്ന് രാവിലെയാണ് ആശിഷ് യെച്ചൂരി മരിച്ചത്. 33 വയസായിരുന്നു. ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ മാദ്ധ്യമസ്ഥാപനങ്ങളിൽ ജേർണലിസ്റ്റായി ജോലി ചെയ്തിരുന്നു ആശിഷ്.
content highlight: bjp leader nithilesh kumar tiwari ridicules sitharam yechurys sons death due to covid.