medicine

തിരുവനന്തപുരം: കൊവിഡ് വ്യാപനം കൂടുന്നതോടെ ഇനി ഏറ്രവും കരുതൽ വേണ്ടത് ജീവൻരക്ഷാ മരുന്നുകൾ ശേഖരിക്കുന്നതിൽ. കൊവിഡ് രോഗം മൂർച്ഛിക്കുമ്പോൾ ദൃശ്യമാവുന്ന സൈറ്രോക്കിൻ സ്റ്റോം അഥവാ സൈറ്രോക്കിൻ റിലീസ് സിൻഡ്രോം വരുമ്പോൾ സാരിലുമാബ്, ടോസിലി സുമാബ് തുടങ്ങിയ ജീവൻ രക്ഷാ മരുന്നുകൾ നൽകാറുണ്ട്. കൊവിഡ് മൂലം ശ്വാസം കിട്ടാതെ മരിക്കാൻ പോകുന്നവരെ കൊവിഡിന്റെ പിടിയിൽ നിന്ന് രക്ഷിക്കുന്നത് വില കൂടിയ ഈ മരുന്നുകളാണ്. റോഷ് എന്ന ബഹുരാഷ്ട്ര കമ്പനി ഉല്പാദിപ്പിക്കുന്ന ഈ മരുന്ന് ഇന്ത്യയിൽ സിപ്ല മാത്രമാണ് വിതരണം നടത്തുന്നത്.

ചൈനയിൽ തടയിട്ടത്ടോസിലി സുമാബ്

ചൈനയിൽ വൻ തോതിൽ കൊവിഡ് മരണം തടയാൻ കഴിഞ്ഞത് ടോസിലി സുമാബ് പ്രയോഗിച്ചതുകൊണ്ടാണെന്ന് കണക്കുകൾ പറയുന്നു. ഇവ ശ്വാസകോശത്തിലെ അണുബാധ തടയുകയും ശ്വാസകോശത്തിന്റെ പ്രവർത്തനത്തിൽ പുരോഗതി ഉണ്ടാക്കുകയും ചെയ്യുന്നു. ശരീരത്തിൽ വൈറസ് ബാധയ്ക്കെതിരായ ആന്റിബോഡികൾ സൃഷ്ടിക്കുകയാണ് ഇവ ചെയ്യുന്നത്. രാജ്യത്ത് പലയിടത്തും ഈ മരുന്നുകളുടെ സ്റ്രോക്ക് കുറവാണ്. അതേസമയം, സംസ്ഥാനത്തെ സ്റ്രോക്കിനെ കുറിച്ച് സംസാരിക്കാൻ സർക്കാരിന് വേണ്ടി മരുന്നു ശേഖരിക്കുന്ന കെ.എം.എസ്.സി.എൽ ജനറൽ മാനേജർ ഡോ. ദിലീപ് വിസമ്മതിച്ചു. 20,000 ‌ഡോളർവരെ വിലയുള്ളതാണ് ഈ മരുന്നുകൾ.

എന്താണ് സൈറ്രോക്കിൻ സ്റ്രോം

വൈറസ് ശരീരത്തിൽ പ്രവേശിക്കുമ്പോൾ പ്രതിരോധിക്കാൻ ശരീരത്തിലെ സെല്ലുകൾ ഉണ്ടാക്കുന്ന ചെറിയ ഗ്ലൈക്കോ പ്രോട്ടീനുകളാണിവ. ഈ മോളിക്യൂളുകൾ പ്രതിരോധത്തിന് വേണ്ടിയാണ് ഉണ്ടാവുന്നതെങ്കിലും ആവശ്യത്തിൽ കൂടുമ്പോൾ ശ്വാസകോശം, ഹൃദയം, വൃക്ക തുടങ്ങിയവയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ശ്വാസകോശത്തെയാണ് പ്രധാനമായും ബാധിക്കുന്നത്.

 റെംഡിസിവിറും എണ്ണത്തിൽ കുറവ്

കൊവിഡ് ബാധിതരിൽ ശ്വാസ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആദ്യഘട്ടത്തിൽ തന്നെ നൽകുന്ന റെംഡിസിവിറും ആവശ്യത്തിൽ കുറവ് തന്നെയാണ്. പല ആശുപത്രികളിൽ നിന്നും റെംഡിസിവിർ കിട്ടാനില്ലെന്ന പരാതി ഉയരുന്നു. കാഡില്ല, ഹെറ്ററോ, മൈലാൻ, സിൻജീൻ, സിപ്ല, ജൂബിലന്റ്, ഡോ. റെഡ്ഡീസ് തുടങ്ങിയ കമ്പനികളാണ് ഇവ ഇന്ത്യയിൽ വിപണനം നടത്തുന്നത്. റെംഡിസിവിറിന്റെ ഉല്പാദനം പ്രതിമാസം 36 ലക്ഷത്തിൽ നിന്ന് 78 ലക്ഷമാക്കാനാണ് പരിപാടി. ക്രമേണ ഇത് ഒരു കോടിയാക്കാമെന്നും കമ്പനികൾ അറിയിച്ചിട്ടുണ്ട്.

ഒരാൾക്ക് ആറ് വീതം ഡോസുകളാണ് നൽകേണ്ടത്. 78ലക്ഷം വയൽ ഉണ്ടാക്കുമ്പോൾ 13 ലക്ഷം പേർക്ക് ഇതിന്റെ ഗുണം ലഭിക്കും. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിട്ടി,​ സെൻട്രൽ ഡ്രഗ്സ് സ്റ്രാൻഡേർ‌ഡ് കൺട്രോൾ ഓ‌ർഗനൈസേഷൻ തുടങ്ങിയവയാണ് ഇതിന്റെ വിപണനത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. ഏപ്രിൽ 21 മുതൽ 30 വരെ കേരളത്തിന് 16,​100 റെംഡിസിവർ വയലുകളാണ് ലഭിക്കുക. ഹെറ്ററോ-1000,​ സിപ്ല,​ 11,​100,​ സിൻജിൻ 1000,​ ഡോ. റെഡ്ഡീസ് -3000 എന്നിങ്ങനെയാണ് ഇതിന്റെ കണക്ക്. വിദേശത്തേക്ക് റെംഡിസിവിറിന്റെ കയറ്റുമതി നിരോധിച്ചതോടൊപ്പം ഇറക്കുമതി ചുങ്കവും കേന്ദ്രസർക്കാർ ഒഴിവാക്കിയിട്ടുണ്ട്. 2800 രൂപ വിലയുണ്ടായിരുന്ന കാഡില്ലയുടെ റെംഡിസിവിർ ഇഞ്ചക്ഷൻ ഇപ്പോൾ 900 രൂപയ്ക്ക് വരെ ലഭ്യമാണ്.

ഏറ്രവും നല്ലത് സ്റ്റിറോയിഡ്

സ്റ്റിറോയിഡ്, രക്തംകട്ടപിടിക്കാതിരിക്കാനുള്ള ഹെപാറിൻ ഇഞ്ചക്ഷൻ, വാർഫാറിൻ ഗുളികകളും വളരെ പ്രയോജനപ്പെടുമെന്ന് ഡോക്ടർമാർ പറയുന്നു.