സലോമി
ഇങ്ങനെ നശിച്ച ഒരു ദിവസം ഉണ്ടാവാനില്ല, ഇനി ഒരിക്കലും. ഒന്നും ചെയ്യാനില്ലാതെ, വായിക്കാതെ, ഉറങ്ങി തീർത്ത നീണ്ട പകൽ. മഴ വരച്ച ലക്ഷ്മണരേഖ കടക്കാൻ വയ്യ. ആളുകളുടെ ഒച്ചയില്ലാത്ത തെരുവിൽ ചളിച്ചാലുകളുടെ ബഹളത്തിനുള്ളിലൂടെ പോകാൻ മാത്രമുള്ള തിരക്കുകൾ ഒന്നും മനസിൽ വരുന്നുമില്ല.
ഓഫീസിലെ പെന്റിംഗ് വർക്കുകൾ എല്ലാം തന്നെ ഇന്നലെ ഉറക്കമില്ലാതെ ചെയ്തു തീർത്തു പോയതിൽ ഇപ്പോഴാണ് വിഷമം തോന്നുന്നത്. ഇമെയിൽ പുതിയ ജോലികൾ അസൈൻ ചെയ്ത അറിയിപ്പുകൾ ഇല്ലാതെ ചത്തു കിടക്കുന്നു.
പുതപ്പ് ഒന്നുകൂടെ ദേഹത്തോട് ചേർത്ത് പിന്നെയും ഉറങ്ങാൻ ശ്രമിക്കമ്പോൾ, തൊട്ടടുത്ത ഫ്ളാറ്റിൽ നിന്നുള്ള മസാല മണം വിശപ്പ് അറിയിച്ചു. ഒറ്റക്കാവുമ്പോൾ ഒന്നും ഉണ്ടാക്കാൻ വയ്യന്നു തോന്നും. പച്ചക്കറികൾ ഒക്കെ തീർന്നിട്ടുണ്ട്, പഴങ്ങളും. ഫ്രിഡ്ജിൽ വച്ചിരുന്ന ബ്രെഡിന് പഴയ മണം. ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യാനാണ് ഫോൺ തപ്പിയത്. കട്ടിലിനിടയിൽ ഇന്നലെ എപ്പോഴോ ഉറക്കത്തിൽ ഉപേക്ഷിച്ച ഫോണിൽ ഓപ്പൺ ചെയ്തു നോക്കാതെ കിടക്കുന്ന കുറെയധികം മെസ്സേജുകൾ. ബോറടിപ്പിക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങൾ, ഗോസിപ്പുകൾ, ആത്മാർത്ഥത ഇല്ലാത്ത ജീവനില്ലാത്ത അക്ഷരങ്ങൾ, ഇമോജികൾ... അതും മടുത്തു തുടങ്ങി.
''സ്വിഗ്ഗി" ഓപ്പൺ ചെയ്യാൻ നോക്കുമ്പോൾ, സ്ക്രീനിൽ വാട്സ്ആപ്പ് മെസേജിന്റെ നോട്ടിഫിക്കേഷൻ.
''സലോമി added""
പെട്ടെന്നുറക്കം വിട്ടുണർന്ന പോലെ... കണ്ണുകളിൽ ആ അക്ഷരങ്ങളുടെ റിഫ്ളക്ഷൻ...
സലോമി.. അവൾ തന്നെ ആയിരിക്കുമോ? മനസിൽ മറന്നു പോയിട്ടില്ലാത്ത ഒരു പുളിരുചി തികട്ടി. കൈയിൽ കൊരുത്ത ചുരുണ്ട മുടിയിഴകൾ. ഇരുണ്ട കണ്ണുകളുടെ പകൽ കാഴ്ച. അതിൽ ഊറിയ നനവ്.
മഴ കറുത്ത ഒരു ജൂൺ മാസത്തിലാണ് സലോമി എട്ടാം ക്ലാസ്സിന്റെ വാതിൽക്കൽ സിസ്റ്റർ അന്നയ്ക്കൊപ്പം നിന്നത്. അവളുടെ പാറിയ ചുരുണ്ട മുടിയിഴകളിൽ വെള്ളത്തുള്ളികൾ ഉരുണ്ടു നിന്നിരുന്നത് ഒന്നാമത്തെ ബെഞ്ചിലെ വെളുത്തു മെലിഞ്ഞ പെൺകുട്ടി കൗതുകത്തോടെ നോക്കി.
''ഞാൻ സലോമി, ഇന്നാട്ടിൽ പുതിയതാണ്. അപ്പൻ ട്രാൻസ്ഫർ ആയി ഇങ്ങോട്ട്...""
കണക്കുപുസ്തകം തുറക്കുന്നതിനിടെ ഒറ്റശ്വാസത്തിൽ പറഞ്ഞുനിർത്തി, അവൾ ചിരിച്ചു. നാലുവശത്തും വൃത്തിയിൽ വരയിട്ട പുസ്തകത്തിൽ സലോമി സംശയലേശയമെന്യേ അൽജിബ്രയുടെ സൊല്യൂഷൻ എഴുതി തീർത്തു. റിസൾട്ട് കിട്ടിയതിനു താഴെ രണ്ടു വരകൾ വരച്ച് അടുത്തത്തിന് കാത്തു. അരികിലിരുന്നയാൾ, ചുറ്റിവെച്ച നൂലുണ്ടയുടെ അറ്റം കണ്ടു പിടിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടത് കണ്ട്, പുസ്തകം നീക്കി വച്ച് സലോമി ഉത്തരങ്ങളായി.
കണക്കുകളുടെ സമസ്യകൾ അവൾക്കു മുന്നിൽ അതിവേഗം തുറക്കപ്പെട്ടു. ആരാധനയോടെ സലോമിക്കു പിന്നാലെ അവൾ നടന്നു. സലോമിയെ മാത്രം കേട്ടു, അനുസരിച്ചു, സ്വപ്നം കണ്ടു. സ്കൂൾ ഗോവണിപ്പടികൾക്ക് താഴെ വരാന്തയിൽ അവളുടെ മടിയിൽ തലവച്ച യുവജനോത്സവത്തിന്റെ ഒരു ദിവസം മുഴുവൻ സലോമി ഇക്കാവമ്മയെന്ന അവളുടെ അമ്മാമയുടെ കഥ പറഞ്ഞു.
''തനിക്ക് പറ്റിയ ഐറ്റംസ് ഒന്നും തന്നെ യുവജനോത്സവ മത്സരങ്ങളിൽ ഇല്ല.""
എന്ന് വീമ്പു പറഞ്ഞു.
സ്പോർട്സ് ആയിരുന്നു അവൾക്കിഷ്ടം. ഷോട്ട്പുട്ടിൽ സലോമി ഒന്നാമതായപ്പോൾ ഉള്ളിൽ ഗദ ചുഴറ്റി എറിഞ്ഞു വിജയിച്ച ഭീമസേനന്റെ മുഖം തെളിഞ്ഞു. എവിടെയോ നവോഢയായ ദ്രൗപതി നാണംകൊണ്ടു കളം വരച്ചു. സലോമി എന്ന അത്ഭുതത്തിനു കാതോർത്ത് ദിവസങ്ങൾ പുലർന്നു പുതിയ ഇംഗ്ലീഷ് സിനിമകളിലെ നായകന്മാർ, പ്രണയം, അപ്പന്റെയും അമ്മയുടെയും മുറിയിലെ രാത്രികാഴ്ചകളുടെ ഒളിഞ്ഞു നോട്ടകഥകൾ. അങ്ങനെ കാണാകാഴ്ചകളുടെ ഉത്സവം. അടിമയെ പോലെ സലോമിക്ക് പിന്നാലെ നടക്കുമ്പോൾ യുദ്ധം ജയിച്ച ആവേശമായിരുന്നു.
വെള്ളിയാഴ്ചയിലെ നീണ്ട ഇടവേളയിലെ ഒരുച്ചയ്ക്ക് പന്നിയിറച്ചിയുടെ രുചിയിൽ ഇറുകി അടച്ച കണ്ണുകളിൽ ഉമ്മവച്ച് സലോമി പറഞ്ഞു.
''നിനക്ക് പകർന്നുവച്ച മൂപ്പെത്താത്ത കള്ളിന്റെ മണം.""
ചുവന്നുപോയ കവിളിൽ പിന്നെയും ഉമ്മവയ്ക്കാൻ തുടങ്ങിയത് പടികയറിവന്ന പെൺകുട്ടികളുടെ ഒച്ചകൾ വിലക്കിയില്ലായിരുന്നില്ലെങ്കിൽ എന്നോർത്ത് അന്ന് നേരം പുലരുംവരേ ഉറക്കമില്ലാതെ കിടന്നു. ഒൻപതാം ക്ലാസ്സിലെ പകുതിയിൽ ക്ലാസ് മുറിയിൽ വെച്ചാണ് അവൾ വയസറിയിച്ചത്. പിന്നിലെ ചുവന്ന വട്ടത്തിൽ തെളിഞ്ഞു വന്ന നനവ് അസ്വസ്ഥമാക്കിയിരുന്നെങ്കിലും 'വലിയ കുട്ടി" ആയതിൽ ഉള്ളിൽ സന്തോഷമാണ് തോന്നിയത്. ഇന്റർവെൽ സമയത്ത് പെൺകുട്ടികളുടെ കൂട്ടം ചിരിച്ചു തുടങ്ങിയപ്പോൾ ഒന്നും മനസിലാകാതെ പതുങ്ങി നിന്ന അവളുടെ യൂണിഫോം കഴുകാൻ കൂടെ നിന്ന് അവളെക്കാൾ മുതിർന്നവളായി സലോമി. കളിയാക്കലുകളുടെ മുറുക്കത്തിൽ അപ്പോഴേക്കും കരഞ്ഞു തുടങ്ങിയ അവളെ പിന്നിലേക്കൊതുക്കി ചിരിച്ചവരിൽ ഒരുവളെ ഓങ്ങി ഇൻസ്ട്രുമെന്റ് ബോക്സ് തുറന്ന് കോമ്പസ് എടുത്തു സലോമി അലറി
''എന്താടീ... നിങ്ങക്കൊന്നും ഇതില്ലേ?""
പിന്നെയും ഉച്ചത്തിൽ ചീത്ത വിളിച്ചു കൊണ്ടിരുന്ന സലോമിയെ ഒതുക്കാൻ ശ്രമിച്ച് അവൾ പരാജയപ്പെട്ടു.
അന്ന് മുഴുവൻ സലോമി ക്ലാസ്സ് മുറിക്ക് പുറത്ത് വെയിലത്ത് നിന്നു, അകത്തിരുന്ന് അവൾ ആ വെയിലിൽ പൊള്ളി.
''ഒന്നുല്ലടീ""
എന്ന നോട്ടത്തിൽ അവൾ മുളച്ചു വന്ന വയറു വേദന മറന്നുവെങ്കിലും കാൽ കഴച്ച് സലോമി വീണപ്പോൾ വേദന ഇരട്ടിയായപോലെ അവൾ നിലവിളിച്ചു.
കെമിസ്ട്രി ക്ലാസിൽ മേരി ആഞ്ജലീനയാണ് ആദ്യം അത് കണ്ടത്. പുസ്തകം വായിക്കാൻ കൊടുത്ത ഇടവേളകളിലെ നടത്തം നിർത്തി മേരി ആഞ്ജലീന കസേരയിൽ ഇരുന്ന് നെടുവീർപ്പിട്ടു. കഴുത്തിലെ കുരിശുമാലയിലെ മുറുകെ പിടുത്തത്തിൽ പൊട്ടിപ്പോയ മുത്തുകൾ ക്ലാസ് മുറിയിൽ ചിതറി.
അന്ന് വൈകുന്നേരം, കുട്ടികൾ ഒഴിഞ്ഞപോയ ക്ലാസ് മുറിയിൽ, വാതിൽ മറഞ്ഞു സലോമി. അവളുടെ തിളങ്ങുന്ന കണ്ണുകളിൽ ചുവപ്പ്. ഉച്ചയ്ക്കത്തെ ഏതോ രുചിയിൽ അമർന്നു പോയി ചുണ്ടുകൾ. ചൂണ്ടുവിരൽ തുമ്പിൽ ഞെരിഞ്ഞു പോയ മുന്തിരി കറുപ്പ്. ചുരുണ്ട മുടിയിഴകളിൽ ചിലത് കൈവിരൽ കുരുങ്ങി നിന്നു. ആവർത്തങ്ങളിൽ വിയർത്തു പോയ യൂണിഫോം കുപ്പായങ്ങൾ നനഞ്ഞ് തണുത്തു.
ക്ലാസ്മുറി അടക്കാൻ വന്ന വറീതേട്ടൻ ഒന്നൂടെ നോക്കി.
''കർത്താവെ.. ഇതുങ്ങള്.... എന്താ .... പ്പോ... ഇങ്ങനെ...""
ഉച്ചത്തിലുള്ള ആ പറച്ചിലിൽ ഹെഡ്മിസ്ട്രസ് മദർ അനുപമ ക്ലാസ് മുറിയുടെ വാതിൽ നിറഞ്ഞു നിന്നതുമാത്രമാണ് സലോമിയുമായുള്ള അവസാനത്തെ ഓർമ്മ. എന്നിട്ടും, പൊട്ടിപ്പോയ ബട്ടൺ ദേഹത്ത് കോറി അവശേഷിപ്പിച്ച ചിത്രങ്ങളിൽ അവൾ സലോമിയെ പിന്നെയും തിരഞ്ഞു കൊണ്ടിരുന്നു.
ദൂരെ ഒരു ബോർഡിംഗ് സ്കൂളിലെ പഠനം, കൗൺസലിംഗ്, മരുന്നുകൾ... ഇതൊക്കെയായി ജീവിതം പിന്നെ ചുരുങ്ങി. ഓർമ്മകളിൽ കുരുക്കഴിക്കാൻ കഴിയാത്ത മുടിയിഴകൾ വിരലുകളിൽ ചുറ്റി വരിഞ്ഞിഞ്ഞു വേദനിപ്പിച്ചു, പലപ്പോഴും.
പഠനം, ജോലി, ജീവിതം.. തനിച്ചായപ്പോൾ ഓർക്കാൻ ഉണ്ടായിരുന്ന ഒരേ ഒരാൾ. തേടിയത് താൻ മാത്രം ആണെന്ന് മനസിലായപ്പോഴും നിർത്തിയിരുന്നില്ല. എന്നെങ്കിലും ഒരിക്കൽ ഓർമ്മകളിൽ കുടുങ്ങി സലോമി തിരിച്ചു വരുമെന്ന് ആഗ്രഹിച്ചത് ഇപ്പോൾ വെറുതെ ആയില്ല.
സ്വന്തം കാലിൽ നിൽക്കാറായപ്പോൾ മുതൽ ഒറ്റയ്ക്കാണ് ജീവിതം. അതിപ്പോൾ...
സ്ക്രീനിൽ സലോമിയുടെ പ്രൊഫൈൽ പിക്ചർ തെളിയുന്നു. പഴയ ചുരുണ്ട മുടി അല്ല ഇപ്പോൾ. സ്ട്രൈയ്റ്റൻ ചെയ്തിരിക്കുന്നു. കൂടെ തൊട്ടു കൊണ്ടു ഒരു മീശക്കാരൻ.
ഉള്ളിൽ നിറഞ്ഞ ദേഷ്യം അമർത്തി ചോദിച്ചു.
''ഓർമ്മയണ്ടോ.?""
അരമിനുട്ടിന്റെ നിശബ്ദതയ്ക്ക് ശേഷം സ്കൂൾ ഗ്രൂപ്പിൽ കണ്ടു.
''Salomi left""
കൂടെ,
This contact blocked you സലോമി എന്ന മെസ്സേജും.
കൈയിൽ കൊരുത്തിരുന്ന മുടിയിഴകൾ അഴിഞ്ഞു മുന്നിലെ ചളിവെള്ളമൊഴുകുന്ന ചാലുകളിൽ ഒഴുകാൻ തുടങ്ങി. എന്നിട്ടും വിരലുകൾ സ്വാതന്ത്ര്യം ആഗ്രഹിക്കാത്ത പോലെ വിങ്ങി. സ്ക്രീനിൽ വിരലുകൾ ആഴത്തിൽ തൊട്ടു. സലോമിയുടെ സ്ട്രൈറ്റൻ ചെയ്ത മുടിയിഴികളിൽ ചോര ചാലുകൾ ഒഴുകാൻ തുടങ്ങി. പിന്നെയത് ചുണ്ടുകളിൽ തട്ടി ഹൃദയത്തിലെത്തി,വരണ്ടു തുടങ്ങിയപ്പോഴേക്കും മഴ നിന്നിരുന്നു...