തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂവിൽ വലഞ്ഞ് ചെറുകിട വ്യാപാരി സമൂഹം. വൈകിട്ട് 7.30ന് കടകൾ അടക്കേണ്ടി വരുന്നതിനാൽ തീരാ നഷ്‌ടത്തിലേക്കാണ് തങ്ങൾ കൂപ്പുകുത്തുന്നതെന്ന് ഇവർ പറയുന്നു. സർക്കാർ ഉദ്യോഗസ്ഥർക്കോ ജനപ്രതിനിധികൾക്കോ ജോലിക്ക് പോയില്ലെങ്കിലും ശമ്പളം കുറയില്ലെന്നിരിക്കെ, തങ്ങളെ മാത്രം സർക്കാർ എന്തിന് ദ്രോഹിക്കുന്നുവെന്നും ഇവർ ചോദിക്കുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജനറൽ സെക്രട്ടറി മനാഫ് കാപ്പാടാണ് തന്റെ ഫേസ്ബുക്കിലൂടെ പ്രതികരണം പങ്കുവച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം-
സർക്കാർ ഉദ്യോഗസ്ഥർക്കോ ജനപ്രതിനിധികൾക്കോ ജോലിക്ക് പോയില്ലെങ്കിലും ശമ്പളം കുറയില്ല.
ഇവിടുത്തെ വ്യാപാരികൾ കച്ചവടം ചെയ്തു പിരിച്ചെടുത്തു നൽകുന്ന നികുതിയിൽ നിന്ന് ശമ്പളം പറ്റുന്ന അധികാരവർഗം ദുരിതക്കായത്തിലാണ്ടു കിടക്കുന്ന വ്യാപാരികളെ ശത്രുവിനെ പോലെ ദ്രോഹിക്കുകയാണ്. വ്യാപാരികൾ അനുഭവിക്കുന്ന പ്രതിസന്ധികളോ, പ്രയാസങ്ങളോ, മാനസിക സംഘർഷങ്ങളോ തിരിച്ചറിയാൻ കഴിയാത്ത ഇവർ തികച്ചും ഏകപക്ഷീയവും ആശാസ്ത്രീയവുമായ തീരുമാനങ്ങൾ തോന്നിയത് പോലെ നടപ്പാക്കുന്നു. എന്ന് മാത്രമല്ല ഒന്നാം ഘട്ട കോവിഡ് കാലത്ത് നിസാര കാര്യങ്ങൾക്ക് ചാർജ് ചെയ്ത കേസുകളുടെ പേരിലുള്ള ഫൈനുകൾ ഈടാക്കിയും, ഇലക്ട്രിസിറ്റി ബില്ലുകൾ വൈകിയതിനു ബ്ലേഡ് മാഫിയകളെ പോലും നാണിപ്പിക്കുന്ന രീതിയിൽ സർചാർജ് എന്ന പേരിൽ ഉയർന്ന പലിശ ഈടാക്കിയും കൊള്ളയടിക്കുന്നു .
കോവിഡ് മഹാമാരി മൂലം ഏറ്റവും വലിയ ദുരന്തം നേരിട്ട ഒരു സമൂഹമായിട്ട് പോലും സർക്കാരിൽ നിന്നോ, ഉദ്യോഗസ്ഥരിൽ നിന്നോ, പൊതു സമൂഹത്തിൽ നിന്നോ യാതൊരു അനുകമ്പയും ലഭിക്കാത്ത ഒരു സമൂഹമാണ് വ്യാപാരികൾ.
മടുത്തിട്ടും ഇട്ടെറിഞ്ഞു പോകാൻ പോകാൻ കഴിയാത്ത വിധം, കച്ചവടം എന്ന ഗതി കിട്ടാത്ത കെണിയിൽ പെട്ടു പോയ ഒരു കൂട്ടം ഹതഭാഗ്യരുടെ പേരാണ് ഇന്നത്തെ കച്ചവടക്കാരൻ.
കോവിഡ് മഹാമാരി ഒരു വിഭാഗം ജനങ്ങൾ മാത്രം നേരിടേണ്ട ദുരിതമല്ല. പൊതു ഗജനാവിൽ നിന്ന് ശമ്പളം പറ്റുന്നവരിൽ നിന്നും ആനുപാതികമായി മിച്ചം പിടിച്ചു ദുരിതമനുഭവിക്കുന്ന എല്ലാവരിലേക്കും ആശ്വാസങ്ങളും ആനുകൂല്യങ്ങളും എത്തിക്കുന്നതല്ലേ യഥാർത്ഥ ജനാധിപത്യ നീതി.
'ജനാധിപത്യഭരണസംവിധാനമെന്ന ഓമനപേരിൽ ഭരണവർഗ ഏകാധിപത്യം നടത്തി ഇവിടുത്തെ ഭൂരിഭാഗം മനുഷ്യരെയും ഊറ്റിക്കുടിച്ചു ആനന്ദ ജീവിതം നയിക്കുന്ന അധികാരവർഗമേ, അസമത്വവും അസംതൃപ്തിയും ഉള്ളിടത്താണ് വിപ്ലവങ്ങൾ ഉണ്ടായിട്ടുള്ളത്'.
സർക്കാർ ഉദ്യോഗസ്ഥർക്കോ ജനപ്രതിനിധികൾക്കോ ജോലിക്ക് പോയില്ലെങ്കിലും ശമ്പളം കുറയില്ല. ഇവിടുത്തെ വ്യാപാരികൾ കച്ചവടം...
Posted by Manafkappad Kappad on Thursday, 22 April 2021