തിരുവനന്തപുരം: വാക്‌സിൻ പ്രതിസന്ധി രൂക്ഷമായിരുന്ന സംസ്ഥാനത്ത് ആറര ലക്ഷം ഡോസ് കൂടി ഇന്നലെ എത്തിയതോടെ വിതരണം സാധാരണ നിലയിലേക്ക്. അഞ്ചര ലക്ഷം കൊവിഷീൽഡും ഒരു ലക്ഷം കൊവാക്‌സിനുമാണ് ഇന്നലെ എത്തിയത്. തിരുവനന്തപുരം റീജിയണിന് രണ്ടര ലക്ഷം കൊവിഷീൽഡും ഒരു ലക്ഷം കൊവാക്‌സിനും നൽകി. കൊച്ചി, കോഴിക്കോട് റീജിയണുകൾക്ക് ഒന്നര ലക്ഷം വീതം കൊവിഷീൽഡും കൈമാറി. കൊച്ചിയിലും കോഴിക്കോടും വാക്‌സിൻ എത്തിച്ച ശേഷം ഇന്നലെ രാത്രി 8.30നാണ് ഇൻഡിഗോ വിമാനം തലസ്ഥാനത്തെത്തിയത്. സ്റ്റോക്കില്ലാത്തതിനാൽ കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് വാക്‌സിനേഷൻ ഷെഡ്യൂൾ തെറ്റിയിരുന്നു.
വാക്സിനേഷനുള്ള രജിസ്ട്രേഷൻ ഓൺലൈൻ വഴി ആക്കിയതിനെ തുടർന്ന് ആദ്യദിവസം ഉണ്ടായിരുന്ന ആശയക്കുഴപ്പം രണ്ടാം ദിവസം പരിഹരിക്കപ്പെട്ടു. ഇന്ന് സംസ്ഥാനത്തെ ആശുപത്രികളിൽ പ്രശ്നങ്ങളില്ലാതെ തന്നെ വാക്‌സിൻ വിതരണം നടന്നു. രണ്ടാമത്തെ ഡോസ് വാക്‌സിൻ എടുക്കേണ്ടവരും ഓൺലൈൻ വഴി തന്നെ രജിസ്റ്റർ ചെയ്യണം.
18 കഴിഞ്ഞവർക്ക് രജിസ്ട്രേഷൻ 28 മുതൽ
കൊവിഡ് വാക്സിന്റെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി 18 വയസിന് മുകളിലുള്ളവർക്കുള്ള രജിസ്ട്രേഷൻ 28ന് ആരംഭിക്കും. കൊവിൻ പോർട്ടൽ വഴിയോ ആരോഗ്യസേതു ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യാം. വാക്സിൻ കേന്ദ്രങ്ങളിൽ നേരിട്ട് രജിസ്റ്റർ ചെയ്യാനാവില്ല. മേയ് ഒന്നുമുതൽ ഇവർക്കുള്ള കുത്തിവയ്പ് ആരംഭിക്കും. കേന്ദ്രം സ്വകാര്യ ആശുപത്രികൾക്ക് 250 രൂപയ്ക്ക് നൽകുന്ന വാക്സിൻ മൂന്നാം ഘട്ടത്തിൽ ഇല്ല. കൊവീഷീൽഡ് വാക്സിൻ ഒരു ഡോസിന് 400 രൂപയ്ക്ക് സംസ്ഥാനങ്ങൾക്കും 600 രൂപയ്ക്ക് സ്വകാര്യ ആശുപത്രികൾക്കും നൽകുമെന്ന് സീറം ഇറൻസ്റ്റിറ്റ്യൂട്ട് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കൊവാക്സിന്റെ വില ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും.
വാക്‌സിനേഷന് മുമ്പ്
ഒന്നാമത്തെയും രണ്ടാമത്തെയും ഡോസുകൾ മുൻകൂട്ടിയുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ വഴി മാത്രമായിരിക്കും
സ്‌പോട്ട് രജിസ്‌ട്രേഷനില്ല. രജിസ്റ്റർ ചെയ്തവർക്കേ വാക്‌സിനേഷൻ സെന്ററുകളിൽ ടോക്കൺ വിതരണം ചെയ്യൂ
കൊവിഡ് വാക്‌സിനേഷനുള്ള മുൻഗണനാ പട്ടികയിലുള്ളവർക്ക് സർക്കാർ വകുപ്പുകൾ, അക്ഷയ കേന്ദ്രങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവ മുഖേന രജിസ്‌ട്രേഷന് ജില്ലകൾ മുൻകൈയെടുക്കണം
സർക്കാർ, സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വാക്‌സിൻ ലഭ്യതയെ അടിസ്ഥാനമാക്കി കോവിൻ വെബ് സൈറ്റിൽ സെഷനുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തണം
വാക്‌സിനേഷൻ സെഷനുകളിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കണം. വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കണം.
വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ കൊവിഷീൽഡിന്റെയും കൊവാക്‌സിന്റെയും ലഭ്യത പൊതുജനങ്ങളെ അറിയിക്കണം
45 വയസിന് മുകളിലുള്ളവർക്ക് ഒന്നാമത്തേതും രണ്ടാമത്തെയും വാക്‌സിൻ സമയബന്ധിതമായി നൽകണം
1100 കോടി വേണ്ടിവരും
18നും 45നും ഇടയിലുള്ളവർക്ക് മേയ് ഒന്ന് മുതൽ കൊവിഡ് വാക്സിൻ നൽകുന്നതിനായി കേരളത്തിന് ഏകദേശം 1,100 കോടി രൂപ വേണ്ടിവരുമെന്നാണ് സർക്കാരിന്റെ കണക്ക്. കമ്പനികൾ എത്ര വില ഈടാക്കിയാലും സർക്കാർ ആശുപത്രികൾ വഴി സൗജന്യമായി വാക്സിൻ നൽകാനാണ് സർക്കാർ തീരുമാനം. 18ന് മുകളിലുള്ള എത്രപേർ സർക്കാർ സംവിധാനത്തിലൂടെ വാക്സിൻ സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചാകും ബാദ്ധ്യത.