hospital

ന്യൂഡല്‍ഹി: ഓക്‌സിജന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 കൊവിഡ് രോഗികള്‍ മരിച്ചു. 60 പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ടു മണിക്കൂര്‍ കൂടി നല്‍കാനുള്ള ഓക്‌സിജന്‍ മാത്രമാണ് ആശുപത്രിയിലുള്ളത്. എത്രയും വേഗം ഓക്‌സിജന്‍ എത്തിച്ചില്ലെങ്കില്‍ രോഗികളുടെ ജീവന്‍ അപകടത്തിലാകുമെന്ന് മെഡിക്കല്‍ ഡയറക്ടര്‍ അറിയിച്ചു. 500 ലധികം കൊവിഡ് രോഗികളാണ് ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതോടെ അടിയന്തര സഹായത്തിനായി നിരവധി ആശുപത്രികള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

അതേസമയം, ഡല്‍ഹിയില്‍ ലക്ഷണങ്ങളുള്ള ആരോഗ്യ പ്രവര്‍ത്തകരിലേക്ക് മാത്രമായി കൊവിഡ് ടെസ്റ്റ് ചുരുക്കാന്‍ തീരുമാനമായി. രോഗം സ്ഥിരീകരിച്ചവര്‍ മാത്രം ക്വാറന്റീനില്‍ കഴിയാനും നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുണ്ടായ ക്ഷാമം പരിഗണിച്ചാണ് എയിംസ് ഡയറക്ടരുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് റിവ്യൂ മീറ്റിങ്ങില്‍ പുതിയ തീരുമാനമെടുത്തത്. രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാണ്. 3.3 ലക്ഷം പുതിയ രോഗികളെന്നാണ് കണക്ക്.