ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. സ്ഥിതി ഈ ഗതിയിൽ മുന്നോട്ടു പോവുകയാണെങ്കിൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞദിവസം രോഗികളുടെ എണ്ണം 314,835 ആയിരുന്നെങ്കിൽ ഇന്നത് 332,730 ആണ്. കൊവിഡ് രോഗികളുടെ പ്രതിദിന വർദ്ധനവിൽ മൂന്ന് ലക്ഷം കടക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഇന്ത്യ മാറുകയും ചെയ്‌തു എന്നത് ഏറെ ഭയപ്പെടുത്തുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.
രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലാണ് സ്ഥിതി അതീവ ഗുരുതരം. ഓക്‌സിജൻ സിലിണ്ടറുകളുടെ ക്ഷാമമാണ് ഡൽഹിയെ വലക്കുന്നത്. ഇന്നലെ മാത്രം 26000 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ‌്തത്. 306 മരണങ്ങളും തലസ്ഥാനത്തെ നടുക്കി. ഡൽഹിക്ക് പുറമെ, മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്തെ 75ശതമാനം കൊവിഡ് കേസുകളുടെയും ഉറവിടം. അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള രാജ്യമാണ് ഇന്ത്യ.