sanu-mohan

കൊച്ചി: വൈഗയുടെ കൊലപാതകത്തിന്റെ ചുരുളഴിയുന്ന റിപ്പോർട്ടുകളാണ് ഓരോ ദിവസം കഴിയുന്തോറും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സാനു മോഹന്റെ ക്രൂരത വെളിവാക്കുന്ന മറ്റൊരു വിവരമാണ് ഇന്ന് അന്വേഷണസംഘത്തിന് മുന്നിൽ ലഭിച്ചിരിക്കുന്നത്.

പോസ്റ്റുമോർട്ടത്തിന് ശേഷം വൈഗയുടെ മൃതദേഹം വിട്ടുകിട്ടാനായി ബന്ധുക്കൾ എറണാകുളം ജനറൽ ആശുപത്രിക്ക് മുന്നിൽ കാത്തുനിന്നപ്പോൾ സാനു മൾട്ടിപ്ല‌ക്‌സ് തീയേറ്ററിലിരുന്ന് സിനിമ കാണുകയായിരുന്നു. കോയമ്പത്തൂരിലെ മൾട്ടിപ്ലക്‌സിലെ തിയേറ്ററിലാണ് പുതുതായി ഇറങ്ങിയ മലയാളം ത്രില്ലർ സിനിമ കാണാനായി സാനു കയറിയത്. മകളെ കൊലപ്പെടുത്തി പുഴയിലെറിഞ്ഞ ശേഷം കേരളം വിട്ട സാനു കോയമ്പത്തൂരിലെത്തി ജീവിതം ആസ്വദിക്കുകയായിരുന്നുവെന്നാണ് അന്വേഷണസംഘം പറയുന്നത്.

സിനിമ കണ്ടിറങ്ങിയ സാനു ദിവസത്തിലേറെ നേരവും ബാറിലും ചൂതാട്ട കേന്ദ്രങ്ങളിലുമായാണ് അടിച്ചുപൊളിച്ചത്. ഈ സമയത്ത് വൈഗയുടെ മൃതദേഹം സംസ്‌കരിക്കാനുളള തിരക്കിലായിരുന്നു ബന്ധുക്കൾ. കേരളം വിട്ട ശേഷമുളള തന്റെ സുഖജീവിതത്തെപ്പറ്റി സാനു തന്നെയാണ് പൊലീസുകാരോട് വെളിപ്പെടുത്തിയത്.

സാനു പലപ്പോഴും ഒരു സൈക്കോയെ പോലെയാണ് പെരുമാറിയിരുന്നതെന്ന് പറയുന്ന പൊലീസുകാർ മകളുടെ മരണം ഇയാളെ യാതൊരു തരത്തിലും ആശങ്കപ്പെടുത്തിയിരുന്നില്ലെന്നും വ്യക്തമാക്കുന്നു.