തൃശൂർ: കൊവിഡ് കാലത്തെ കർശന പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ ഇത്തവണ ഉത്സവ ലഹരിയില്ലാതെ ചടങ്ങുകളുടെ ലാളിത്യത്തിൽ പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം നടന്നു. വൈകുന്നേരം അഞ്ച് മണിയോടെ പാറമേക്കാവ് വിഭാഗം നടത്തിയ കുടമാറ്റത്തോടെ പൂരത്തിന്റെ പകൽ സമയത്തെ ചടങ്ങുകൾ അവസാനിച്ചു. ഇനി രാത്രിയുളള വെടിക്കെട്ടോടെ ഈ വർഷത്തെ പൂരാഘോഷം അവസാനിക്കും. കൊവിഡ് സാഹചര്യം മൂലം നാളത്തെ പകൽപൂരം ഈ വർഷമുണ്ടാകില്ല.
പുലർച്ചെ തന്നെയെത്തിയ കണിമംഗലം ശാസ്‌താവിന്റെ എഴുന്നളളത്തോടെയാണ് ഘടകപൂരങ്ങളുടെ എഴുന്നളളത്ത് തുടങ്ങിയത് . വടക്കുംനാഥ ക്ഷേത്രത്തിൽ പൂരം എത്തുന്നത് വെയിലേൽക്കുന്നതിന് മുൻപ് വേണം എന്ന വിശ്വാസപ്രകാരം പുലർച്ചെ ഏഴ് മണിക്ക് തന്നെ കണിമംഗലം ക്ഷേത്രത്തിലെ ബൃഹസ്‌പതി ഭാവത്തിലുളള ശാസ്‌താവ് എത്തി. കുളശേരി ഷേത്രത്തിൽ ഇറക്കി പൂജ കഴിഞ്ഞ ശേഷം മേളത്തിന്റെ അകമ്പടിയോടെ വടക്കുംനാഥ ക്ഷേത്രത്തിലേക്ക് തെക്കേഗോപൂര നടവഴി അകത്തേക്ക് ശാസ്‌താവ് എഴുന്നളളി
ദേവഗുരുവായ ബൃഹസ്പതിയാണ് കണിമംഗലം ശാസ്താവെന്നാണ് ഐതിഹ്യം. അതിനാൽ ദേവഗുരു വടക്കുന്നാഥനെ വണങ്ങാറില്ല. ദേവഗുരുവിനെ കണ്ടാൽ വടക്കുന്നാഥൻ എഴുന്നേറ്റ് നിൽക്കേണ്ടി വരുമെന്നതിനാൽ കണിമംഗലം ശാസ്‌താവ് തെക്കെഗോപുര നട വഴി വന്ന് പടിഞ്ഞാറെ നടവഴി ഇറങ്ങി. പിന്നാലെ മറ്റ് ഘടകപൂരങ്ങളും എത്തിത്തുടങ്ങി. സമയക്രമം അനുസരിച്ച് ചെമ്പുക്കാവ്, പനേക്കുംമ്പിള്ളി,കാരമുക്ക്
പൂക്കാട്ടികര,ലാലൂർ,ചൂരക്കോട്ടുക്കാവ്, അയ്യന്തോൾ,നെയ്തലക്കാവ് എന്നി ഘടക ക്ഷേത്രങ്ങൾ വടക്കുംനാഥനെ വണങ്ങാനെത്തി.ഘടകപൂരങ്ങളെല്ലാം ഇത്തവണ ഒരാനപ്പുറത്താണ് നടന്നത്. തിരുവമ്പാടിയും ഇത്തവണ ഒരാനപ്പുറത്താണ് എഴുന്നളളിച്ചത്. എന്നാൽ പാറമേക്കാവ് 15 ആനപ്പുറത്ത് തന്നെ എഴുന്നളളത്ത് നടത്തി. കുടമാറ്റത്തിനുൾപ്പടെ പൂരത്തിന് ആകെ ഇത്തവണ 32 ആനകൾ മാത്രമാണുളളത്.
തിരുവമ്പാടിയുടെ മഠത്തിൽ വരവ് പ്രൗഢഗംഭീരമായ പഞ്ചവാദ്യ മേളത്തോടെ നടന്നു. ഗജരാജൻ തിരുവമ്പാടി ചന്ദ്രശേഖരനാണ് തിരുവമ്പാടിയുടെ തിടമ്പേറ്റിയത്. കോങ്ങാട് മധുവാണ് പഞ്ചവാദ്യത്തിന്റെ പ്രമാണം വഹിച്ചത്. 12 മണിയോടെ പാറമേക്കാവിന്റെ എഴുന്നളളത്ത് ആരംഭിച്ചു. പാറമേക്കാവ് ശ്രീ പത്മനാഭനായിരുന്നു തിടമ്പ്.
പാറമേക്കാവിന്റെ എഴുന്നളളത്തിന് പിന്നാലെ പെരുവനം കുട്ടൻമാരാരുടെ പ്രമാണിത്വത്തിൽ പാണ്ടിമേളം ആരംഭിച്ചു. വടക്കുംനാഥ ക്ഷേത്രത്തിലെ മതിൽക്കെട്ടിലുളള ഇലഞ്ഞിത്തറയുടെ ചുവട്ടിൽ നിരവധി കലാകാരന്മാർ പങ്കെടുക്കുന്ന ഇലഞ്ഞിത്തറമേളം നടന്നു. രണ്ടര മണിക്കൂറോളം നീണ്ടുനിന്നു മേളം. ഇതിന്‌ശേഷം അഞ്ച് മണിയോടെ കുടമാറ്റം തുടങ്ങി. പാറമേക്കാവ് വിഭാഗത്തിലെ 15 ആനകൾ മാത്രമാണ് ഇതിൽ പങ്കെടുത്തത്. എട്ട സെറ്റ് കുടകളാണ് മാറിയത്.