തിരുവനന്തപുരം: പിരപ്പൻകോട് കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ചു. കിളിമാനൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസും വെമ്പായത്ത് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.
ബസിൽ നാൽപ്പത്തിയഞ്ചോളം യാത്രക്കാരുണ്ടായിരുന്നു. 21 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുളളവരെ കന്യാകുളങ്ങര സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡ്രൈവർ ഉൾപ്പടെ ആറ് പേരുടെ നില ഗുരുതരമാണ്.
ലോറിയുടെ നിയന്ത്രണം വിട്ട വരവ് കണ്ട ബസ് ഡ്രൈവർ റോഡിന്റെ ഇടതുവശത്തേക്ക് ബസ് ഒതുക്കുകയായിരുന്നു. ഇവിടേക്ക് ലോറി വന്നിടിക്കുകയായിരുന്നു. ലോറി ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.