covid19

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിൻ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം. ആറര ലക്ഷം ഡോസ് വാക്‌സിനെത്തിയതോടെയാണ് പ്രതിസന്ധിക്ക് പരിഹാരമായത്. ഇതിൽ അഞ്ചര ലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സിനും ഒരുലക്ഷം ഡോസ് കൊവാക്‌സിനുമാണ് ഉള്ളത്. പ്രതിസന്ധി രൂക്ഷമായ തിരുവനന്തപുരം ജില്ല ഉൾപ്പടെയുള്ള തെക്കൻ കേരളത്തിൽ മൂന്ന് ലക്ഷം ഡോസ് വിതരണം ചെയ്തിട്ടുണ്ട്.

തലസ്ഥാനത്ത് 188 വാക്‌സിൻ കേന്ദ്രങ്ങളുള്ളതിൽ 108 കേന്ദ്രങ്ങളാണ് ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. വാക്‌സിൻ സ്വന്തം നിലയ്ക്ക് വാങ്ങാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടികളും പുരോഗമിക്കുകയാണ്. വാക്സിനേഷൻ മുടങ്ങുന്ന സാഹചര്യമുണ്ടായിട്ടും വാക്സിനായുള്ള അഭ്യർത്ഥനയോട് കേന്ദ്ര സർക്കാർ പ്രതികരിക്കാത്തതിനാൽ നിർമ്മാതാക്കളിൽ നിന്ന് നേരിട്ടു വാങ്ങി സൗജന്യ കുത്തിവയ്പിന് തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.


'കേന്ദ്രത്തിന്റെ മറുപടിക്ക് ഇനിയും കാത്തിരുന്നാൽ വാക്സിനേഷൻ പൂർത്തിയാക്കാൻ സംസ്ഥാനം വൈകിപ്പോകും. അതിന് വലിയ വിലയും കൊടുക്കേണ്ടിവരും. സന്നദ്ധമെങ്കിൽ, വാക്സിനായി ചെലവാക്കുന്ന പണം കേന്ദ്രത്തിന് പിന്നീട് റീഇംപേഴ്സ് ചെയ്യാമല്ലോ. അതിനു ശ്രമിക്കും. എത്ര വാക്സിൻ, എങ്ങനെ, എപ്പോഴെല്ലാം തുടങ്ങിയ കാര്യങ്ങളും എത്ര തുക വേണ്ടി വരുമെന്നും തീരുമാനിക്കാൻ ചീഫ് സെക്രട്ടറി, ധനകാര്യ, ആരോഗ്യ സെക്രട്ടറിമാർ എന്നിവരെ ചുമതലപ്പെടുത്തി. ഇവർ വാക്സിൻ നിർമ്മാതാക്കളുമായി ചർച്ച തുടങ്ങി.കുത്തിവയ്‌പ്പെടുക്കേണ്ട 45 വയസിന് മുകളിലുള്ളവർ മാത്രം 1.13 കോടി വരും. മേയ് ഒന്നു മുതൽ 18നും 45നും ഇടയിൽ പ്രായമുള്ള 1.65 കോടി പേർക്കും വാക്സിൻ കൊടുത്തു തുടങ്ങണം. കണക്കു സഹിതം കേന്ദ്രത്തിന് കത്തെഴുതിയിട്ടും മറുപടി കിട്ടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.