alencier

ഏറെ വിവാദം നിറഞ്ഞതായിരുന്നു 2018ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്. മുഖ്യാതിഥിയായി മോഹൻലാലിനെ ക്ഷണിക്കാനുള്ള സർക്കാരിന്റെ തീരുമാനം ചലച്ചിത്ര അക്കാദമി നേതൃത്വം എതിർത്തതും, തുടർന്ന് സർക്കാർ തന്നെ മുൻകൈ എടുത്ത് മോഹൻലാലിനെ ക്ഷണിച്ചതുമെല്ലാം വാർത്തകളിൽ ഇടംനേടി. പുരസ്‌കാരച്ചടങ്ങിൽ ലാൽ പ്രസംഗിക്കുന്നതിനിടെ, നടൻ അലൻസിയർ താരത്തിന് നേരെ കൈ ഉയർത്തി വെടിവയ‌്ക്കുന്ന രീതിയിൽ കാണിച്ചടക്കം വിവാദമായി. ഇക്കാര്യവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് അലൻസിയർ.

'ലാൽ സാറിനെ വെടിവച്ചിട്ട് അദ്ദേഹം മരിച്ചു പോയോ? ഇത്രയും പ്രതിഭാധനനായ ഒരു മനുഷ്യൻ എന്റെ വെടിവയ‌്പ്പിൽ മരിച്ചുപോകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അന്ന് മുഖ്യാതിഥി വിവാദമുണ്ടാകുമ്പോൾ ഞാനും ഇന്ദ്രൻസ് ഏട്ടനും പ്രതികരിച്ചത് ഇങ്ങനെയായിരുന്നു- ലാലേട്ടനെ പോലുള്ള മഹാനായ നടന്റെ സാന്നിദ്ധ്യം ഞങ്ങൾക്ക് ആദരവ് കിട്ടുന്ന ഒരു സ്ഥലത്തള്ളത് വലിയൊരു ബഹുമതിയാണ് എന്നാണ്. എന്നെ കൊണ്ട് സ്‌റ്റേജിന്റെ മുമ്പിൽ ഇരുത്തുകയും, പ്രസംഗം നീണ്ടുപോയപ്പോൾ ഒരു തമാശ കാണിച്ചതാണ്. അതാണ് പിന്നീട് പല രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടത്.

ആ അവാർഡ് വേദിയിൽ ബീനാ പോളിനോട് കടക്ക് പുറത്ത് എന്നാണ് ഞാൻ രഹസ്യമായി പറഞ്ഞത്. അവാർഡ് വാങ്ങാൻ കയറിയപ്പോൾ മുഖ്യമന്ത്രി ചോദിച്ചു, നേരത്തെ ലാല് പ്രസംഗിച്ചപ്പോൾ ഒരു വരവ് വന്നതുകണ്ടല്ലോ എന്ന്. മൂത്രം ഒഴിക്കാൻ പോയതാണ് എന്നാണ് ഞാൻ മറുപടി പറഞ്ഞത്. ലാലേട്ടൻ ഉൾപ്പടെയുള്ളവർ അതുകേട്ട് ചിരിച്ചു. ഇതൊക്കെ കഴിഞ്ഞ് അമ്മ സംഘടന എന്നോട് വിശദീകരണം ചോദിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ മുന്നിലെത്തിയ എന്നെ ആശ്ളേഷിച്ചാണ് ലാലേട്ടൻ തിരികെ അയച്ചത്'- ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അലൻസിയറിന്റെ പ്രതികരണം.