shoe

ഓസ്‌ട്രേലിയൻ ഡിപ്പാർട്ട്മെന്റൽ സ്റ്റോർ ശ്രേണിയായ ടാർഗറ്റ്,​ മൈക്രോവേവ് അവനിൽ വച്ച് ചൂടാക്കാവുന്ന ഷൂ വിപണിയിലെത്തിച്ചു. ചൂട് വെള്ളം കുടിക്കുക, കമ്പിളിപ്പുതപ്പിനടിയിൽ ചുരുണ്ടുകൂടുക തുടങ്ങിയ കാര്യങ്ങളിൽ ആനന്ദം കണ്ടെത്തുന്നവരാണ് നിങ്ങൾ എങ്കിൽ തീർച്ചയായും ചൂടാക്കാവുന്ന ഷൂ നിങ്ങൾക്ക് ഇഷ്ടപ്പെടും.

ഒരുപക്ഷെ,​ മൈക്രോവേവ് അവനിൽ ചൂടാക്കാവുന്ന ഷൂ എന്ന് കേൾക്കുമ്പോൾ ഇത്തരമൊരു ഷൂവിന്റെ ആവശ്യകത എന്താണെന്നാവും ആദ്യം മനസ്സിൽ ഓടിയെത്തുന്നത്. ടാർഗറ്റ് നൽകുന്ന വിശദീകരണം അനുസരിച്ച് കാല്പാദവും, ഉപ്പൂറ്റിയുമായി ബന്ധപ്പെട്ട വേദനകൾക്ക് പരിഹാരമായിട്ടാണ് മൈക്രോവേവ് ഓവനിൽ ചൂടാക്കാവുന്ന ഷൂ അവതരിപ്പിച്ചിരിക്കുന്നത്. ഒടിവോ,​ ചതവോ സംഭവിക്കുമ്പോൾ നമ്മൾ ഹോട്ട് ബാഗ് ഉപയോഗിച്ച് വേദന ശമിപ്പിക്കാൻ ശ്രമിക്കാറില്ലേ? അത് തന്നെയാണ് ഓവനിൽ ചൂടാക്കാവുന്ന ഷൂവിന്റെയും ഉപയോഗം. 'ചൂടാക്കുമ്പോൾ അമിതമായി ചൂടാകുന്നതിന്റെ ലക്ഷണങ്ങൾ, അസാധാരണമായ മണം അല്ലെങ്കിൽ പുകയുടെ ലക്ഷണങ്ങൾ എന്നിവ ഉണ്ടാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. എന്തെങ്കിലും പന്തികേട് കണ്ടാൽ ഉടനെ ശ്രദ്ധാപൂർവ്വം ഓവനിൽ നിന്നും നീക്കം ചെയ്യുക. ഒരു സിങ്കിൽ വെള്ളം നിറച്ച് ഷൂ അതിൽ ഇടുക' എന്നും ടാർഗറ്റ് വിശദീകരിക്കുന്നുണ്ട്.

പോളിസ്റ്റർ കൊണ്ട് തയ്യാറാക്കിയിരിക്കുന്ന മൈക്രോവേവ് അവനിൽ ചൂടാക്കാവുന്ന ഷൂ സെക്കൻഡുകൾ കൊണ്ട് ചൂടാവും. 20 ഡോളർ, അതായത് ഏദേശം 1,500 രൂപയാണ് ഈ ഷൂവിന്റെ വില. ഈ പ്രത്യേകതരം ഷൂവിന്റെ സുരക്ഷയെക്കുറിച്ച നിരവധി ചോദ്യങ്ങളുയർന്നിട്ടുണ്ട്. ഇതിന് ടാർഗെറ്റിന്റെ വിശദീകരണം ഇങ്ങനെയാണ്, 'ചൂടാക്കിയ ശേഷം, ചൂട് തുല്യമായി പകരുന്നതിന് ഷൂ കുലുക്കുകയോ ഷൂവിന്റെ താപനില മനസ്സിലാക്കാൻ കൈകൾ കൊണ്ട് സ്പർശിച്ച് ആവശ്യമുള്ള ചൂടാണെന്ന് എന്നുറപ്പിക്കുക. അതീവ ശ്രദ്ധയോടെ ഇത് കൈകാര്യം ചെയ്തില്ലെങ്കിൽ അപകടസാദ്ധ്യതയുണ്ടെന്ന കാര്യം മറക്കാതിരിക്കുക. മൈക്രോവേവ് അവനിൽ നിന്ന് നീക്കം ചെയ്തതിനുശേഷവും ഷൂവിനുള്ളിൽ താപനില ഉയരാൻ തുടരും എന്ന കാര്യം മറക്കാതിരിക്കുക'.